അധ്യാപകന്റെ കൈവെട്ടിയ സംഭവം: പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്‍ഐഎ

കൊച്ചി: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ കാലയളവില്‍ ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ. പ്രതികള്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമറിയിച്ചത്.

അധ്യാപകനെതിരായ ആക്രമണത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. പല പ്രതികളും വിദേശത്താണ്. ഇവര്‍ക്കായി ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറുപ്പെടുവിച്ചിട്ടുണ്ടെന്നും എന്‍ഐഎ സത്യവാങ്മൂലത്തില്‍ പറയുന്നു.

കുറ്റകൃത്യത്തില്‍ പ്രതികള്‍ക്കുള്ള പങ്കാളിത്തം വിലയിരുത്തി ശിക്ഷിക്കണമെന്നാണ് ആവശ്യം. നിയമവിരുദ്ധ നിരോധന നിയമപ്രകാരം കുറ്റക്കാരെന്നു കണ്ടെത്തിയ 10 പ്രതികള്‍ക്കു കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തു പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന അപ്പീലുകളും കോടതിയില്‍ സമര്‍പ്പിച്ചു.

18 പ്രതികളെ വെറുതെ വിടുകയും 13 പേരെ പരമാവധി എട്ടു വര്‍ഷത്തെ തടവിന് മാത്രം ശിക്ഷിക്കുകയും ചെയ്ത വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് എന്‍ഐഎ അപ്പീല്‍ നല്‍കിയത്.

Top