കൊച്ചിയില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കുറയും; എന്‍.വേണുഗോപാല്‍

കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കുറയുമെന്ന് ജി.സി.ഡി.എ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എന്‍.വേണുഗോപാല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷനില്‍ എട്ട് സീറ്റെങ്കിലും കുറയും. ക്രിസ്ത്യാനികള്‍ക്ക് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നല്‍കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പാളിച്ചയുണ്ടായതും കോണ്‍ഗ്രസുകാര്‍ വിമതരെ സഹായിച്ചത് തിരിച്ചടിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.ഡി.എഫ് ഭൂരിപക്ഷം നേടിയാല്‍ കൊച്ചി മേയര്‍സ്ഥാനം ലത്തീന്‍ സഭയ്ക്ക് തന്നെയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

അതേസമയം എന്‍.വേണുഗോപാലിന്റെ ആരോപണങ്ങളെ ഡി.സി.സി തള്ളി. ഏകോപനത്തില്‍ പാളിച്ച ഉണ്ടായില്ലെന്നും ഒരു സമുദായത്തിന് സീറ്റ് നല്‍കി എന്ന വേണുഗോപാലിന്റെ ആരോപണം തെറ്റാണെന്നും ഡി.സി.സി പ്രസിഡന്റ് വി.ജെ.പൗലോസ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് ഇക്കാര്യവുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് വേണുഗോപാല്‍ പരാതി ഉന്നയിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

Top