തിരുവനന്തപുരം: വെട്ടിയും കുത്തിയും വെടിവച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നുവെന്ന് വിവാദ പരാമര്‍ശം നടത്തി ലോക ശ്രദ്ധയാകര്‍ഷിച്ച സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍.
പതിറ്റാണ്ട് നീണ്ട ജില്ലാ സെക്രട്ടറി പദം വിവാദ പ്രസംഗത്തില്‍ തട്ടിത്തെറിച്ചെങ്കിലും സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കേണ്ട ഏറ്റവും വലിയ ഘടകത്തില്‍ അവസരം നല്‍കിയാണ് സിപിഎം നേതൃത്വം മണിയെ വീണ്ടും മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി വകവരുത്തിയതാണെന്ന് ഇടുക്കിയില്‍ പരസ്യമായി പ്രസംഗിച്ച എം.എം മണിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിവാദ പ്രസംഗം ഏറ്റെടുത്ത് വന്‍ വിവാദമാക്കിയത് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടി സായുധ ആക്രമണ പാത പിന്തുടരുന്നത് മാവോയിസ്റ്റുകള്‍ അടക്കമുള്ള നക്സലൈറ്റ് വിഭാഗങ്ങളെയും അല്‍ഭുതപ്പെടുത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തര വിഭാഗവും ഇതു സംബന്ധമായി പ്രത്യേക അന്വേഷണം വരെ നടത്തിയിരുന്നു. ‘വിവാദം പിടിവിട്ട’ തിനെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് മണിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും തെറുപ്പിച്ചത്.
കെ.കെ ജയചന്ദ്രന് എംഎല്‍എയെയാണ് മണിയുടെ പിന്‍ഗാമിയായി പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.
വി.എസ് അച്യുതാനന്ദന്, വൈക്കം വിശ്വന്, പി.കെ ഗുരുദാസന്, എന്നിവരെ ഒഴിവാക്കിയാണ് എം.എം മണി, മുന്‍ കോട്ടയം ജില്ലാ സെക്രട്ടറി കെ.ജെ തോമസ്, കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന് എന്നിവരെ സംസ്ഥാനാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സിപിഎം സ്ഥാപക നേതാവ് വി.എസ് അച്യുതാന്ദനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുകയും വേണമെങ്കില്‍ കേന്ദ്ര കമ്മിറ്റി തീരുമാനം എടുത്തുകൊള്ളു എന്ന് തുറന്നടിക്കുകയും ചെയ്ത സിപിഎം സംസ്ഥാന നേതൃത്വത്തിന് പുന്നപ്ര- വയലാര്‍ സമര നായകനെക്കാള്‍ ഇപ്പോള്‍ പ്രിയം ‘കൊലവിളി’ നടത്തിയ മണിയെപ്പോലെ ഉള്ളവരാണെന്നതാണ് വിരോധാഭാസം.
സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് വി.എസിനെ ക്ഷണിക്കാതിരുന്ന നേതൃത്വം സീതാറാം യെച്ചൂരിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യോഗം തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ക്ഷണം നടത്തിയത്.
കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് എന്ന ആനുകൂല്യത്തിലായിരുന്നു ഈ പ്രഹസന ക്ഷണം.
സംസ്ഥാന കമ്മിറ്റിയില്‍ ഒഴിവുള്ള സീറ്റില്‍ വി.എസിനെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം അംഗീകരിക്കപ്പെടാത്തതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിയാണ് ഇനി തീരുനമാനമെടുക്കുക.
നിലവിലെ സാഹചര്യത്തില്‍ വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ എടുക്കണമെന്ന യെച്ചൂരിയുടെ നിര്‍ദേശം അംഗീകരിക്കപ്പെടാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അത് സംസ്ഥാന നേതൃത്വത്തിന് കനത്ത പ്രഹരമാകും.