കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂര്‍, നീണ്ടൂര്‍, ആര്‍പ്പൂക്കര എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സ്ഥലങ്ങളിലെല്ലാം താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും ചത്ത കോഴികള്‍ക്കും താറാവിനും എച്ച്5 എന്‍1 സ്ഥിരീകരിക്കുകയുമായിരുന്നു.
രോഗം വ്യാപിക്കാതിരിക്കാന്‍ പക്ഷികളെ കൊന്നൊടുക്കാനുളള നടപടിയെടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള 7,400ഓളം പക്ഷികളെ കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. വെച്ചൂര്‍, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂര്‍, ടിവി പുരം,ആര്‍പ്പൂക്കര, അയമനം, ഉദയനാപുരം, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകളിലും ഏറ്റുമാനൂര്‍, കോട്ടയം, വൈക്കം എന്നീ നഗരസഭകളിലും കോഴി, താറാവ്, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വില്‍പ്പനയും കയറ്റി അയക്കലും താല്‍ക്കാലികമായി നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവിട്ടു.