കോണി കൈവിട്ട ലീഗ് തന്ത്രം നിലമ്പൂരില്‍ വിജയം കണ്ടു; നിലമ്പൂരില്‍ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും ജയം

നിലമ്പൂര്‍: സ്ഥാനാര്‍ത്ഥി ആരെന്ന് നോക്കാതെ കോണിക്ക് കുത്തുന്ന പാരമ്പര്യമാണ് മലപ്പുറത്തെ മറ്റിടങ്ങളിലെങ്കില്‍ അതില്‍ നിന്നും വ്യത്യസ്ഥമാണ് നിലമ്പൂര്‍. കോണി ചിഹ്നത്തില്‍ ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വിജയിക്കുമെന്ന ലീഗിന്റെ ആത്മവിശ്വാസം പക്ഷേ നിലമ്പൂരില്‍ ഏശില്ല.

കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ കോണി കണ്ടാല്‍ വോട്ടുചെയ്യാത്തവരാണ് ഏറെയും. ഇതിന് പരിഹാരമായി പാര്‍ട്ടി നേതാക്കളെപ്പോലും കോണി ചിഹ്നം ഒഴിവാക്കി സ്വതന്ത്രവേഷത്തില്‍ മത്സരിപ്പിച്ച ലീഗിന്റെ തന്ത്രമാണ് നിലമ്പൂരില്‍ വിജയം കണ്ടത്. ലീഗിന് അനുവദിച്ച ഒമ്പത് സീറ്റില്‍ അഞ്ചിടത്ത് മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ കോണി ചിഹ്നത്തില്‍ മത്സരിച്ചത്. നാലിടങ്ങളിലും സ്വതന്ത്ര വേഷത്തിലായിരുന്നു മത്സരം.

മുന്‍ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും മുസ്ലീം ലീഗ് നിയോജകമണ്ഡലം സെക്രട്ടറിയുമായ ദേവശേരി മുജീബ് അടക്കം മൊബൈല്‍ ഫോണ്‍ ചിഹ്നത്തില്‍ സ്വതന്ത്രനായാണ് മത്സരിച്ചത്. കോണ്‍ഗ്രസിന് മേധാവിത്വമുള്ള വാര്‍ഡില്‍ 109 വോട്ടിനാണ് സ്വതന്ത്രവേഷത്തില്‍ മുജീബ് ജയിച്ചത്.

സി.പി.എം മാത്രം വിജയിച്ച പാട്ടരാക്ക വാര്‍ഡില്‍പോലും ലീഗ് സ്വതന്ത്ര അട്ടിമറി വിജയം നേടുകയായിരുന്നു. കോണ്‍ഗ്രസ് വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ചാണ് കഴിഞ്ഞ തവണ മുസ്ലീം ലീഗ് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണാക്കിയത്.

Top