സാന്റിയാഗോ: ആരാധകരെ നിരാശരാക്കി, കോപ്പയില്‍ കാനറികളുടെ കണ്ണീരുവീഴ്ത്തി പരാഗ്വെ സെമിയില്‍. ആവേശം അലതല്ലിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെയോടു ഷൂട്ടൗട്ടിലായിരുന്നു(3-4) ബ്രസീലിന്റെ തോല്‍വി. കഴിഞ്ഞ കോപ്പ അമേരിക്കയിലും ബ്രസീല്‍ ക്വാര്‍ട്ടറില്‍ പരാഗ്വെയോടു തോറ്റു പുറത്തായിരുന്നു.
ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായതോടെ കോപ്പ അമേരിക്കയില്‍ സെമി ഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ ചിലിയും പെറുവും എതിരിടും. രണ്ടാം സെമിയില്‍ പരാഗ്വെയുടെ എതിരാളി അര്‍ജന്റീനയാണ്.
നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയതോടെയാണ് മല്‍സരം അധികസമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീണ്ടത്. ഷൂട്ടൗട്ടില്‍ റിബേറോയും ഡഗ്ലസ് കോസ്റ്റയും പെനാല്‍റ്റി പാഴാക്കിയതാണ് ബ്രസീലിനു തിരിച്ചടിയായത്. പരാഗ്വെയ്ക്കുവേണ്ടി മാര്‍ട്ടിനസ്, കാന്‍സറസ്, ബോബാഡില്ല, ഗോണ്‍സാലസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഫെര്‍ണാണ്ടീഞ്ഞോ, മിറാന്‍ഡ, കൂട്ടീഞ്ഞോ എന്നിവര്‍ ബ്രസീലിന്റെ ഗോളുകള്‍ നേടി.
പൊതുവെ പതിഞ്ഞ താളത്തില്‍ കളിച്ച ബ്രസീലിന് ആവേശകരമായ പ്രകടനം പുറത്തെടുക്കാനായില്ല. പതിനഞ്ചാം മിനിട്ടില്‍ റൊബീഞ്ഞ്യോയുടെ ഗോളില്‍ മുന്നിലെത്തിയെങ്കിലും ലീഡ് ഉയര്‍ത്താനുള്ള നീക്കം കാനറികളില്നിന്നുണ്ടായില്ല. നെയ്മറുടെ അഭാവം അവരെ നന്നായി ബാധിച്ചതായി തോന്നി. എഴുപത്തിരണ്ടാം മിനിട്ടില്‍ ഡെര്‍ലിസ് ഗോണ്‍സാലസ് പെനാല്‍റ്റിയിലൂടെ പരാഗ്വെയെ ഒപ്പമെത്തിക്കുകയായിരുന്നു.
കോപ്പ അമേരിക്കയില്‍ എട്ടു തവണ കിരീടമുയര്‍ത്തിയ ബ്രസീലിനു പക്ഷേ 2007 മുതല്‍ കോപ്പ കിരീടം സ്വപ്നം മാത്രമാണ്. അതേസമയം, 1979നു ശേഷം കോപ്പയില്‍ വെന്നിക്കൊടിനാട്ടാനുളള അവസരമാണു പരാഗ്വെയ്ക്കു കൈവന്നിരിക്കുന്നത്.