ക്രിക്കറ്റ് പ്രേമികളായ തടവുകാര്‍ക്ക് ഇനി ലോകകപ്പ് കാണാം

ഗോഹട്ടി: ക്രിക്കറ്റ് പ്രേമികളായ തടവുകാര്‍ക്ക് സന്തോഷ വാര്‍ത്ത. ലോകകപ്പ് മത്സരം കാണാന്‍ കോടതി അവര്‍ക്ക് അനുമതി നല്‍കി. ഗോഹട്ടി സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാര്‍ക്കാണ് ടിവിയില്‍ ലോകകപ്പ് കാണാന്‍ അനുമതി നല്‍കിയത്. ക്രിക്കറ്റ് മത്സരം കാണുന്നത് ഞങ്ങളുടെ മൗലികാവകാശമാണെന്ന തടവുകാരുടെ വാദം അംഗീകരിച്ച അസം ഹൈക്കോടതി ജയിലില്‍ കേബിള്‍ ടിവി കണക്ഷന്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടു. അഞ്ചു ദിവസത്തിനുള്ളി ഇത് നടപ്പാക്കണമെന്നാണ് ജസ്റ്റിസ് അരൂപ് കുമാര്‍ ഗോസ്വാമിയുടെ നിര്‍ദേശം.

ദിമ ഹസാവോ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ മുന്‍ മേധാവി മൊഹിത് ഹോജായിയും മറ്റ് ആറ് വിചാരണ തടവുകാരുമാണ് ക്രിക്കറ്റ് കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.വാര്‍ത്തയ്ക്കും സ്‌പോര്‍ട്‌സിനും മറ്റ് വിനോദപരിപാടികള്‍ക്കുമായി ടിവി കാണുക എന്നത് ഭരണഘടന ഉറപ്പു തരുന്ന മൗലികാവകാശമാണെന്നാണ് ഹര്‍ജിയിലെ വാദം. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അഡ്വ. അമിത് ഗോയല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ അവര്‍ വാദിച്ചു. ഹര്‍ജി പരിഗണിച്ച കോടതി ആരോഗ്യകരമായ മാനസികാവസ്ഥയ്ക്ക് തടവുകാര്‍ക്ക് ഇത്തരം വിനോദോപാധികള്‍ ആവശ്യമാണെന്നും ഉത്തരവില്‍ പരാമര്‍ശിച്ചു.
ഇന്ത്യാവെസ്റ്റിന്‍ഡീസ് മത്സരം പരിഗണിച്ച് കണക്ഷന്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി ജയില്‍ അധികൃതര്‍.

ജയിലില്‍ ദൂരദര്‍ശന്‍ ചാനല്‍ ലഭ്യമായതിനാല്‍ നിലവില്‍ തടവുകാര്‍ക്ക് ഇന്ത്യയുടെ മത്സരം കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍, മറ്റ് മത്സരങ്ങള്‍ സ്റ്റാര്‍ ടിവിയില്‍ മാത്രമാണ് ലഭിക്കുക. ഇതു കൂടി തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കാടതിയെ സമീപിച്ചത്.

Top