ഗണേഷ് കുമാറിന് തിരുവഞ്ചൂരിന്റെ കൊട്ട്

തിരുവന്തപുരം:  ദേശീയ ഗെയിംസില്‍ ക്രമക്കേടാരോപിച്ച് സംഘാടകസമിതിയില്‍ നിന്ന് രാജിവെച്ച മുന്‍ കായികമന്ത്രി കെ.ബി ഗണേഷ്‌കുമാറിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൊട്ട്. താന്‍ കായികമന്ത്രിയായി ചുമതലയേറ്റയതിനു ശേഷമാണ് നിര്‍മാണ പ്രവര്‍ത്തിയില്‍ കാര്യമായ പുരോഗതിയുണ്ടായതെന്നും അതിനുമുമ്പ് ഒന്നും നടന്നിരുന്നില്ലെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. തനിക്കുമുമ്പ് ഒന്നും നടന്നിരുന്നില്ലെന്ന് വ്യക്തമാക്കാന്‍  രേഖകളും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു.

ദേശീയ ഗെയിംസ് പടിവാതില്‍ക്കലെത്തിയിട്ടും സ്റ്റേഡിയങ്ങളുടെ നിര്‍മാണം പാതിവഴിയിലാണ്. ഉപകരണങ്ങളും എത്തിയിട്ടില്ല. ഭക്ഷണകരാറിലടക്കം ക്രമക്കേട് ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.  റണ്‍കേരള റണ്ണിനായി കോടികള്‍ ഒരു മാധ്യമസ്ഥാപത്തിന് നല്‍കിയതും വിവാദമായി. ഇതോടെയാണ് മുന്‍ കായിക മന്ത്രി ഗണേഷ്‌കുമാര്‍ എംഎല്‍എ സംഘടാകസമിതിയില്‍ നിന്ന് രാജിവെച്ചത്. ക്രമക്കേടിന് സാധ്യതയുള്ളതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ജനുവരിയിലാണ് താന്‍ കായിക മന്ത്രിയായി ചുമതലയേറ്റതെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. അതിനുമുമ്പ് നിര്‍മാണത്തിലും മറ്റും ഒന്നും നടന്നിരുന്നില്ലെന്നും അപാകതയുണ്ടെങ്കില്‍ തന്റെ തലയിലിടേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുമ്പുള്ളവര്‍ നിയമിച്ച ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് ഗെയിംസ് വില്ലേജിലുള്ളതെന്നും താന്‍ അവരില്‍ ആരേയും മാറ്റിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇത് മുന്‍ മന്ത്രിക്കുള്ള കുറ്റപത്രമാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

Top