ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ സേന തകര്‍ത്ത ബോട്ട് ഭീകരരുടേത് തന്നെയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് പാകിസ്ഥാന്‍ ബോട്ട് തകര്‍ത്ത സംഭവത്തില്‍ ബോട്ടിലെത്തിയവര്‍ ഭീകര്‍ തന്നെയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച  തെളിവുകള്‍ തീവ്രവാദബന്ധത്തെ സാധൂകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

കറാച്ചിക്കടുത്ത്  സംശയാസ്പദമായ രീതിയില്‍ ബോട്ടുകള്‍ ഇന്ത്യന്‍ സമുദ്രത്തിലേക്ക് വരുന്നു എന്ന വിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ തീരസേനയുടെ  സമയോചിതമായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഇന്ത്യന്‍ തീരത്തെത്തുവാനുള്ള ശ്രമം വിഫലമാക്കാന്‍ കഴിഞ്ഞു. ബോട്ടിനുള്ളില്‍ ഉണ്ടായിരുന്ന ആളുകള്‍ മയക്കമരുന്നു കച്ചവടക്കാരെ പോലെയല്ല പെരുമാറിയത്. ബോട്ടിലുണ്ടായിരുന്നവര്‍ തീവ്രവാദികളായതു കൊണ്ടാണ് ആത്മഹത്യ ചെയ്തത്. സാധാരണ ആള്‍ക്കാരോ കള്ളക്കടത്തുകാരോ ആയിരുന്നെങ്കില്‍ തീരസേനയ്ക്ക് മുന്നില്‍ കീഴടങ്ങുമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

നശിപ്പിച്ച ബോട്ടിനുളളില്‍ നിന്ന് പാക് സേന ഉപയോഗിക്കുന്ന തരം വയര്‍ലെസ് സെറ്റിന്റെ അവശിഷ്ടങ്ങളും മറ്റും ലഭിച്ചുവെന്നും ഇവര്‍ പാക് അധികൃതരുമായി ബന്ധപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ തീരം ലക്ഷ്യമിട്ടുവന്ന രണ്ടാമത്തെ ബോട്ടിനെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top