ചരിത്രം രചിച്ച് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഔഡി. ഡ്രൈവറില്ലാതെ ആര്‍എസ് 7 മോഡല്‍ 240 കിലോമീറ്റര്‍ വേഗതയില്‍ റേസിംഗ് ട്രാക്കില്‍ ഓടിയാണ് ഔഡി അത്ഭുതം സൃഷ്ടിച്ചത്.
ജര്‍മ്മനിയിലെ ഹൊക്കന്നം ഗ്രാന്റ് പ്രിക്‌സ് റേസിംഗ് ട്രാക്കിലാണ് ഔഡിയുടെ ആളില്ലാ ഓട്ടം നടന്നത്. വെറും രണ്ട് മിനുറ്റിലാണ് ഔഡി ആളില്ലാ ഓട്ടം പൂര്‍ത്തിയാക്കിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഔഡി ആളില്ലാ കാറുകള്‍ക്കായുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചത്. വോക്‌സ്‌വാഗണ്‍ റിസര്‍ച്ച് ഗ്രൂപ്പിന് പുറമേ ഇലക്ട്രോണിക്‌സ് റിസര്‍ച്ച് ലബോറട്ടറിയും കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയുമാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.
ജി.പി.എസ് സംവിധാനം വഴിയാണ് ഈ കാര്‍ റേസിംഗ് ട്രാക്കിന്റെ രൂപരേഖ മനസിലാക്കുന്നത്. ജി.പി.എസ് വഴി ലഭിക്കുന്ന വിവരങ്ങള്‍ വൈ ഫൈ വഴി കാറിലെത്തുന്നു. ഇതിനൊപ്പം കാറില്‍ പലയിടത്തായി സ്ഥാപിച്ചിട്ടുള്ള അത്യാധുനിക 3 ഡി ക്യാമറകള്‍ ചിത്രങ്ങളെടുക്കുകയും ചെയ്യുന്നു.
ഈ ചിത്രങ്ങള്‍ പരിശോധിച്ചാണ് വഴിയുടെ ദൂരവും വളവുകളും തിരിച്ചറിഞ്ഞ് കാറിന്റെ വേഗത നിയന്ത്രിക്കുന്നത്. സെന്റിമീറ്ററുകളുടെ വ്യത്യാസം പോലുമില്ലാത്ത സാങ്കേതിക വിദ്യയാണ് ഔഡിക്കെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.