ചലചിത്ര മേളയില്‍ ഇന്ന് കിംകി ഡുക്കിന്റെ വണ്‍ ഓണ്‍ വണ്‍

തിരുവനന്തപുരം: ചലചിത്രോത്സവത്തിന്റെ ഇന്ന കിംകി ഡുക്ക് തരംഗം. കൊറിയന്‍ ചിത്രമായ വണ്‍ ഓണ്‍ വണ്‍ ആണ് ആസ്വാദകരെ കാത്തിരിക്കുന്നത്. ആദ്യ പ്രദര്‍ശനം വൈകീട്ട് ന്യൂ തീയറ്ററില്‍ നടക്കും. കാമത്തിന്റെ ക്രൗര്യവുമായി എത്തുന്ന കൊറിയന്‍ ചിത്രം പൈശാചികമായി കൊല ചെയ്യപ്പെടുന്ന പെണ്‍കുട്ടിയും കൊടിയ പീഢനത്തിനിരയാകുന്ന കൊലയാളി സംഘവുമാണ് നിറഞ്ഞുനില്‍ക്കുന്നത്.

രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍ അടക്കം മത്സര വിഭാഗത്തില്‍ പത്ത് ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ദേവാശിഷ് മകീജയുടെ ഊംഗ, സിദ്ധാര്‍ത്ഥ് ശിവയുടെ സഹീര്‍ തുടങ്ങി മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം. പെട്ടെന്ന് കൈവന്ന പ്രശസ്തിയില്‍ പകച്ചുപോകുന്ന കുടുംബത്തിന്റെ കഥ പറഞ്ഞ് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ കന്നട ചിത്രം ഡിസംബര്‍ ഒന്നുമുണ്ട് പ്രദര്‍ശനത്തിന്.

ലോകസിനിമാ വിഭാഗത്തില്‍ 21 ചിത്രങ്ങളാണുള്ളത്. അന്താരാഷ്ട്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ലെവിയാതന്‍ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. പ്രണയിക്കുന്ന പുരഷനോടും സ്വന്തം രാജ്യത്തോടുമുള്ള ഒരു സ്ത്രീയുടെ വിശ്വാസം വികാര തീവ്രമായി ആവിഷ്‌കരിക്കുന്ന ബിയാട്രിസിസ് വാര്‍ കലാഭവനിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്ന ബസ്റ്റര്‍ കീറ്റണ്‍ ചിത്രവും മിക്കലോസ് ജാങ്‌സോയുടെ ദി റൗണ്ട് അപ്പും റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ എം പി സുകുമാരന്‍ നായരുടെ ജലാംശവും ചലചിത്ര പ്രേമികള്‍ക്ക് മുന്നില്‍ എത്തും.

Top