ചുംബന സമരം നാളെ കോഴിക്കോട്ട്

കോഴിക്കോട് : കിസ് ഒഫ് ലവ് കൂട്ടായ്മയുടെ രണ്ടാംഘട്ടം ചുംബന സമരം ‘കിസ് ഒഫ് സ്ട്രീറ്റ്’ നാളെ കോഴിക്കോട്ട്. സമരവേദി നേരത്തേ നിശ്ചയിച്ച ബീച്ച് പരിസരത്തു നിന്ന് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനടുത്തേക്ക് മാറ്റി. ഞായറാഴ്ച കടപ്പുറത്ത് സന്ദര്‍ശകരുടെ തിരക്കേറുമെന്നതിനാലാണ് വേദി മാറ്റുന്നതെന്ന് കിസ് ഒഫ് ലവ് കൂട്ടായ്മയുടെ ഫെയ്‌സ് ബുക്ക് പേജ്. വൈകിട്ട് മൂന്നോടെ സമരം തുടങ്ങും.

ജയ പരാജയം നിര്‍ണയിക്കനുള്ള സമരമോ മത്സരമോ അല്ല. സമൂഹത്തിലെ ബഹു ഭൂരിപക്ഷത്തെയും പിടികൂടിയിട്ടുള്ള സാംസ്‌കാരിക ഫാസിസം എന്ന വികാരത്തിനെതിരേ ഒരു തലമുറ നടത്തുന്ന മുന്നേറ്റത്തിന്റെ ആരവമാണ്. കാലങ്ങള്‍ക്ക് ശേഷം മാത്രം പൂര്‍ണതയിലെത്തുന്ന സമത്വം എന്ന ആശയത്തിന്റെ ആദ്യഘട്ടമാണ് സമരം. ഇപ്പോഴിത് സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണ്, എതിര്‍ക്കാം കല്ലെറിയാം വിധി കാലം എഴുതട്ടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ കുറിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ കൂടാതെ ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും സമരത്തില്‍ പങ്കുചേരാന്‍ ആളെത്തുമെന്ന് കിസ് ഒഫ് ലവ് കൂട്ടായ്മ. ആയിരത്തിലേറെ പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. കൊച്ചിയില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ മാത്രമാണ് സമരത്തിന് ഇറങ്ങിയതെങ്കില്‍ കോഴിക്കോട്ട് ഒട്ടേറെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്.
ചുംബന സമരത്തിന് കോഴിക്കോട്ട് അരങ്ങൊരുങ്ങുമ്പോള്‍ കൊച്ചിയിലുണ്ടായ പോലുള്ള പ്രതിരോധം വേണ്ടെന്ന നിലപാടിലാണ് പൊലീസ്.

Top