തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവും സി.പി.എം സഹയാത്രികനുമായ ചെറിയാന് ഫിലിപ്പിന്റെ സ്ത്രീ വിരുദ്ധ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ ചെറിയാനെ തുണച്ച പിണറായി-കോടിയേരി അച്ചുതണ്ടിനെതിരെ വി.എസും എം.എ ബേബി, തോമസ് ഐസക്ക് തുടങ്ങിയവരും രംഗത്ത് വന്നത് പുതിയ ചേരിതിരിവിന് കാരണമാകുമെന്ന് ആശങ്ക.
തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വിളിപ്പാടകലെ നില്‍ക്കെ വിഭാഗീയത മറന്ന് ഒറ്റക്കെട്ടായ നേതൃത്വം, ചെറിയാന്റെ പരാമര്‍ശത്തെ ചൊല്ലി വീണ്ടും ഭിന്നതയിലേക്ക് പോകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന പരിഭ്രാന്തിയിലാണ് സിപിഎം അണികള്‍.
‘യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ സമരമാര്‍ഗ്ഗമാണെന്നും, ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നുമുള്ള’ ചെറിയാന് ഫിലിപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സി.പി.എമ്മില്‍ പുതിയ ധ്രുവീകരണത്തിന് വിത്തുപാകിയിരിക്കുന്നത്.
ചെറിയാന് ഫിലിപ്പിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.ബി അംഗം പിണറായി വിജയനും ശക്തമായി രംഗത്തെത്തിയെങ്കിലും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പി.ബി അംഗം എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും ചെറിയാനെ രൂക്ഷമായാണ് വിമര്‍ശിച്ചത്.
പി.ബി അംഗം ബൃന്ദാ കാരാട്ടും ചെറിയാനെതിരെ നിലപാടെടുത്തോടെ സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ അടുത്തയാളായ ചെറിയാന് ഫിലിപ്പിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നിരുന്നു.
സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ പാര്‍ട്ടിയില്‍ വിരുദ്ധ അഭിപ്രായം ഉയരുന്നത് പുതുമയല്ലെങ്കിലും അത് തിരുത്തിക്കുന്നത് അപൂര്‍വ്വ സംഭവമാണ്.
സാധാരണ പാര്‍ട്ടി സെക്രട്ടറി ഒരു നിലപാട് പറഞ്ഞാല്‍ അതാണ് പാര്‍ട്ടി നിലപാടായി മാറാറുള്ളത്. എന്നാല്‍ ചെറിയാന് വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെയും പി.ബി അംഗത്തിന്റെയും നിലപാടിന് എതിരെയാണ് കേന്ദ്ര നേതാക്കളുടെയും സംസ്ഥാനത്തെ ഭൂരിപക്ഷ നേതാക്കളുടെയും നിലപാട്.
വി.എസ് – പിണറായി വിഭാഗീയതയില്‍ എന്നും പിണറായി പക്ഷത്തോടൊപ്പം ഉറച്ചു നിന്നിരുന്ന എം.എ ബേബി,തോമസ് ഐസക്ക്,ടി.എന്‍ സീമ തുടങ്ങിയ വലിയ വിഭാഗം നേതാക്കള്‍ ചെറിയാനെതിരെ രംഗത്ത് വന്നതിലൂടെ പാര്‍ട്ടി സംസ്ഥാന നേതൃത്വമെടുക്കുന്ന എല്ലാ നിലപാടുകള്‍ക്കുമൊപ്പം തങ്ങളെ കിട്ടില്ലെന്ന സൂചനയാണ് നല്‍കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തേറ്റ പരാജയത്തോടെ പിണറായി വിജയനും എം.എ ബേബിയും അകല്‍ച്ചയിലാണ്. പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്കെതിരെ തോമസ് ഐസക്കിനും അതൃപ്തിയുണ്ട്. എസ്.എന്‍.ഡി.പി – ബി.ജെ.പി സഖ്യത്തിനെതിരെ സി.പി.എമ്മില്‍ ഉരുത്തിരിഞ്ഞ ഐക്യമാണിപ്പോള് ചെറിയാന് ഫിലിപ്പ് കുളമാക്കിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ചെറിയാന്റെ സ്ത്രീവിരുദ്ധ നിലപാടും അതിനെ പിന്തുണച്ച കോടിയേരിയുടെയും പിണറായിയുടെയും പ്രസ്താവനയും സിപിഎമ്മില്‍ ഉരുള്‍പൊട്ടലിന് വഴിയൊരുക്കാനാണ് സാധ്യത.