ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ കല്‍പ്പനയ്ക്ക് പുല്ലുവില കല്‍പ്പിച്ച് ചൈനസ് പട്ടാളം ഇന്ത്യന്‍ മണ്ണില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നു. സൈന്യത്തോട് പിന്മാറാന് താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പറഞ്ഞിട്ട് അഞ്ച് ദിവസമായിട്ടും, ഏകദേശം 1000 ചൈനീസ് പട്ടാളക്കാര്‍ ലഡാക്കിലെ ചുമ്മാര്‍ മേഖലയില്‍ തന്നെയുണ്ടെന്നാണ് വിവരം. ചൈനീസ് ഗവണ്മെന്റ് സ്റ്റേറ്റ്മെന്റാണ് ഇന്ന് ഈ കാര്യം വെളിപ്പെടുത്തിയത്.
ചുമ്മാറില്‍ നിന്ന് പിന്‍വാങ്ങണമെന്ന പ്രസിഡന്റിന്റെ കല്‍പ്പന അനുസരിക്കണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം പട്ടാളത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രസിഡന്റ് ഷി ജിന്‍പിങിന്റെയും സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന് ചെയര്‍മാന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ചൈനയുടെ പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നു.
അതേസമയം, ചൈനയുടെ 30 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ശക്തനായ പ്രസിഡന്റായ ഷി ജിന്‍പിങ്ങിന്റെ നിര്‍ദ്ദേശം സൈന്യം അനുസരിക്കാത്ത നടപടിയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ അദ്ഭുതം പ്രകടിപ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചൈനീസ് പ്രസിഡന്റ് തന്റെ മൂന്നു ദിവസത്തെ ഇന്ത്യാസന്ദര്‍ശനം അവസാനിപ്പിച്ചത്. അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റത്തെ കുറിച്ച് രണ്ട് തവണ മോഡി ചൈനീസ് പ്രസിഡന്റുമായി സംസാരിച്ചിരുന്നു.