പാല: ബാര്‍ കോഴക്കേസില്‍ കോടതി വിധി തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നു ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ കെ.എം.മാണി. രാജിവയ്ക്കണമെന്ന ചിന്തയേ ഉണ്ടായിട്ടില്ല. ആരോപണം രാഷ്ട്രീയപ്രേരിതമാണ്. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും മാണി വ്യക്തമാക്കി.
അന്‍പതു വര്‍ഷമായി എന്നെ ജനങ്ങള്‍ക്ക് അറിയാം. വിധി വന്ന സമയത്തെക്കുറിച്ച് ഒന്നും പറയാനില്ല. ഇവയൊന്നും ഒരു തിരഞ്ഞെടുപ്പിനെയും ബാധിക്കില്ല, തന്നെയും ബാധിക്കില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയും കേസില്‍ നടത്തിയ വ്യത്യസ്ത പരാമര്‍ശങ്ങളെക്കുറിച്ചും മാണി പ്രതികരിച്ചു. അത് അവരവരുടെ സ്വാതന്ത്ര്യമാണെന്നും എപ്പോള്‍ പറയണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അതില്‍ ദുരുദ്ദേശ്യമില്ലെന്നും മാണി വ്യക്തമാക്കി.