ന്യൂഡല്‍ഹി: ജനതാപരിവാര്‍ പാര്‍ട്ടികള്‍ ജനതാപരിവാറിലെ അഞ്ചു പാര്‍ട്ടികള്‍ ഒന്നിക്കുന്നു. സമാജ്‌വാദി ജനതാദള്‍ എന്ന പേരിലാവും പുതിയ പാര്‍ട്ടി അറിയപ്പെടുക. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് സുപ്രധാനമായ തീരുമാനം ഉണ്ടായത്.
ഒന്നിച്ചുനീങ്ങാന്‍ നേരത്തെ വിവിധ ജനതാപാര്‍ട്ടികള്‍ തമ്മില്‍ ധാരണയായിരുന്നു. ഇതിനുപിന്നാലെയാണ് ഒറ്റപാര്‍ട്ടിയെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. ബിജെപിക്ക് ബദല്‍ എന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടംപിടിക്കുക എന്നതാണ് ജനതാപരിവാര്‍ പാര്‍ട്ടികളുടെ ലക്ഷ്യം. ലയനം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ ഏകോപിപ്പിക്കുന്നതിന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ യോഗം നിയോഗിച്ചു.
മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി(എസ്പി), ശരത് യാദവും നിതീഷ്‌കുമാറും നേതൃത്വം നല്‍കുന്ന ജനതാദള്‍ -യുണൈറ്റഡ്(ജെഡിയു), എച്ച്.ഡി.ദേവഗൗഡ നേതൃത്വം നല്‍കുന്ന ജനതാദള്‍ -സെക്കുലര്‍ (ജെഡിഎസ്), ലാലുപ്രസാദ് യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), ഓംപ്രകാശ് ചൗട്ടാല നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) എന്നീ പാര്‍ട്ടികളാണ് ഒന്നാവുന്നത്.