ജനസമ്പര്‍ക്ക പരിപാടി വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ല: മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരാമര്‍ശം വിവാദമാകുന്നു. ഇതിനെ ചോദ്യം ചെയ്ത് വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ടായിട്ടും വിവരങ്ങള്‍ ലഭ്യമാക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നാണ് ആക്ഷേപം.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി പൊതുപരിപാടി മാത്രമാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളോ, നടപടികളോ, വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. കണ്ണൂര്‍ പയ്യന്നൂര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു മറുപടി.

വിശദീകരണം അംഗീകരിക്കാനാകില്ലെന്നും വിവരങ്ങള്‍ 5 ദിവസത്തിനകം ലഭ്യമാക്കാനും സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞും ഒരു നടപടിയുമില്ല. ഈ നിലപാടിനെ ചോദ്യം ചെയ്താണ് വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

Top