തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് (കരുതല്‍ 2015) ഇന്നു തിരുവനന്തപുരം ജില്ലയില്‍ തുടക്കം. രാവിലെ ഒമ്പതു മുതല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണു പരിപാടി. ഈ ഭരണകാലത്തെ മൂന്നാമത്തേതും 2004ല്‍ നടത്തിയ ജനസമ്പര്‍ക്കപരിപാടി കൂടി ഉള്‍പ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാലാമത്തേതുമായ ജനസമ്പര്‍ക്ക പരിപാടിയാണിത്. രണ്ടു ലക്ഷം പരാതികള്‍ ഇതുവരെ ഓണ്‍ലൈനില്‍ ലഭിച്ചു.
തിരുവനന്തപുരം ജില്ലയില്‍ 16,253 പരാതികള്‍. ഏറ്റവുമധികം പരാതികള്‍ കൊല്ലത്ത് – 30,133. ഇടുക്കി 22,244 പരാതികളുമായി രണ്ടാംസ്ഥാനത്ത്. പത്തനംതിട്ട – 10,469, ആലപ്പുഴ – 12,355, കോട്ടയം – 9,207, എറണാകുളം – 7,562, തൃശൂര്‍ – 9,124, പാലക്കാട് – 17,708, മലപ്പുറം – 18,817, കോഴിക്കോട് – 11,089, വയനാട് – 7,617, കണ്ണൂര്‍ – 8,757, കാസര്‍കോട് – 12,668 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ലഭിച്ച പരാതികള്‍. 66,083 പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിന് അപേക്ഷിച്ചത്. വീടിന് 33,725 അപേക്ഷകര്‍. 26,498 പേര് ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചു. വായ്പ, പട്ടയം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വികലാംഗര്‍ക്കുള്ള സഹായം, ജോലി തുടങ്ങിയവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍. 2011 ല്‍ നടന്ന ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 5.45 ലക്ഷം അപേക്ഷകളില്‍ 2.97 ലക്ഷം പരിഹരിക്കപ്പെട്ടു. 20.82 കോടി രൂപ വിതരണം ചെയ്തു. 2013ല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് രണ്ടാമത്തെ ജനസമ്പര്‍ക്കം നടത്തിയത്. അതില്‍ 3.21 ലക്ഷം അപേക്ഷകള്‍ ലഭിക്കുകയും 3.16 ലക്ഷം അപേക്ഷകളില്‍ തീര്‍പ്പാകുകയും ചെയ്തു. 55.10 കോടി രൂപ വിതരണം ചെയ്തു.
മാര്‍ച്ച് 16 മുതലാണ് ‘കരുതല്‍ 2015’ല്‍ പരാതികള്‍ സ്വീകരിച്ചുതുടങ്ങിയത്. കഴിഞ്ഞ 17 ന് അവസാനിച്ചെങ്കിലും പരിപാടി നടക്കുന്നതിന്റെ തലേന്നുവരെ കലക്റ്ററ്ററേറ്റുകളിലും താലൂക്ക് ഓഫിസുകളിലും പരാതികള്‍ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ പരാതി സ്വീകരിക്കില്ല. ജനസമ്പര്‍ക്ക ദിവസവും നേരിട്ട് പരാതി നല്‍കാം. എല്ലാ പരാതികളും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ഡോക്കറ്റ് നമ്പര്‍ നല്‍കും. ഈ നമ്പര്‍ ഉപയോഗിച്ച് ഏഴു ദിവസത്തിനു ശേഷം അപേക്ഷയുടെ നിജസ്ഥിതി അറിയാം.