ജനുവരിയിലെ നാണയപ്പെരുപ്പം പൂജ്യത്തിനും താഴെ

മുംബൈ: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പൊരുപ്പം ജനുവരിയില്‍ പൂജ്യത്തിനും താഴെ. ഡിസംബറിലെ 0.11 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 0.39 ശതമാനത്തിലേക്കാണ് ജനുവരിയില്‍ നാണയച്ചുരുക്കമുണ്ടായത്. നവംബറിലെ പൂജ്യം ശതമാനത്തില്‍ നിന്ന്, നാണയപ്പെരുപ്പം നെഗറ്റീവ് 0.17 ശതമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ‘ചുരുക്കിയിട്ടുണ്ട്.’ തുടര്‍ച്ചയായ മൂന്നാം മാസവും നാണയപ്പെരുപ്പം താഴേക്ക് നീങ്ങുന്നതിനാണ് 2015 ജനുവരി സാക്ഷിയായത്. 2009 ജൂണിന് ശേഷം മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ഇത്ര താഴുന്നത് ഇതാദ്യവുമാണ്.

ഭക്ഷ്യോത്പന്നങ്ങളുടെ വില കുത്തനെ കൂടിയിട്ടും ക്രൂഡോയില്‍ വില രേഖപ്പെടുത്തിയ കനത്ത ഇടിവാണ് കഴിഞ്ഞമാസം നാണയച്ചുരുക്കത്തിന് വഴി തെളിച്ചത്. നവംബറില്‍ 0.66 ശതമാനവും ഡിസംബറില്‍ 5.20 ശതമാനവുമായിരുന്ന ഭക്ഷ്യവില ജനുവരിയില്‍ എട്ട് ശതമാനത്തിലെത്തി. പച്ചക്കറി വില ഡിഡംബറിലെ 4.78 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 19.74 ശതമാനമായി.

എന്നാല്‍, ഡിസംബറില്‍ 11.96 ശതമാനം കുറഞ്ഞ പെട്രോള്‍ വില ജനുവരിയില്‍ 17.08 ശതമാനം ഇടിഞ്ഞതും ഡീസല്‍ വില 10.41 ശതമാനം (ഡിസംബറില്‍ കുറഞ്ഞത് 6.31 ശതമാനം) കുറഞ്ഞതും കഴിഞ്ഞമാസം നാണയച്ചുരുക്കത്തിന് ശക്തമായ കാരണമായി. ഡിസംബറില്‍ 3.19 ശതമാനം കുറഞ്ഞ പാചക വാതക വില കഴിഞ്ഞമാസം 7.65 ശതമാനം ഇടിഞ്ഞതും നാണയച്ചുരുക്കത്തിലേക്ക് വഴി വെട്ടിത്തെളിച്ചു.

Top