ടോക്യാ: 2011ലെ ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ആണവനിലയം നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ജപ്പാന് തുറന്നു. കനത്ത പ്രതിഷേധവും സുരക്ഷാ ഭീഷണിയും മുന്‍നിര്‍ത്തി അടഞ്ഞുകിടക്കുന്ന ആണവനിലയങ്ങളിലൊന്നാണ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്.
തലസ്ഥാന നഗരമായ ടോക്യോയില്‍നിന്ന് 1000 കിലോമീറ്റര്‍ അകലെ സെന്ഡായിയിലുള്ള നിലയം പ്രാദേശിക സമയം രാവിലെ 10.30നാണ് വീണ്ടും ചലിച്ചുതുടങ്ങിയത്. വെള്ളിയാഴ്ച വൈദ്യുതി ഉല്പാദനം ആരംഭിക്കുമെങ്കിലും പതിവുപ്രവര്ത്തനം സെപ്റ്റംബറോടെ മാത്രമേ ആരംഭിക്കൂ. 31 വര്‍ഷം പഴക്കമുള്ള നിലയത്തില്‍ ആണവ ഇന്ധനം നിറക്കുന്നതുള്‍പ്പെടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നാലരവര്‍ഷത്തെ സ്തംഭനത്തിനു ശേഷമാണ് ജപ്പാന് ആണവ പദ്ധതിയിലേക്ക് തിരിച്ചുപോകുന്നത്. 2011ലെ സൂനാമിയില്‍ ഫുകുഷിമ ആണവനിലയം തകര്‍ന്നതിനു സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആണവ നിയന്ത്രണ അതോറിറ്റി കര്‍ക്കശമായ സുരക്ഷാചട്ടങ്ങള്‍ നടപ്പാക്കിവരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
സെന്‍ഡായി നിലയത്തില്‍ ഇവ പൂര്‍ണമായി പാലിച്ചതായി പരിശോധനകളില്‍ കണ്ടത്തെിയിരുന്നു. സെന്‍ഡായിയിലെ രണ്ടാമത്തെ നിലയം ഒക്ടോബറില്‍ പുനരാരംഭിക്കാനാണ് നീക്കം. ജപ്പാനില്‍ പ്രവര്‍ത്തന യോഗ്യമായ 50ഓളം റിയാക്ടറുകള്‍ അറ്റകുറ്റപ്പണികള്‍ക്കും സുരക്ഷാ പരിശോധനക്കുമായി അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനം ലക്ഷ്യംവെച്ച് ഇവ പ്രവര്‍ത്തനസജ്ജമാക്കാനാണ് നിലവിലെ ആബെ സര്‍ക്കാറിന്റെ നീക്കം.