കൊച്ചി: നിര്‍ണായക മത്സരത്തിനായി കേരളം ഇന്നിറങ്ങും. സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും കൊച്ചിയില്‍ പോരാട്ടത്തിനിറങ്ങുന്നത് ജയം നേടാനായി മാത്രമാകും. ബ്ലാസ്റ്റേഴ്സിന് സെമിസാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള രണ്ട് ജയം കൂടിയേ തീരൂ.
12 മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ നില ഒട്ടും ഭദ്രമല്ല. കഴിഞ്ഞ മത്സരത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ ചെന്നൈയിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതിന്റെ ആഘാതത്തില്‍നിന്ന് കരകയറുക എളുപ്പമല്ല.
മറുവശത്ത് നോര്‍ത്ത് ഈസ്റ്റിന്റെ നിലയും പരുങ്ങലിലാണ്. 12 മത്സരങ്ങളില്‍നിന്ന് 13 പോയന്റാണ് അവരുടെ അക്കൗണ്ടിലുള്ളത്. വിജയത്തില്‍ കുറഞ്ഞതൊന്നും മുന്നോട്ടുള്ള പ്രയാണത്തിന് അവരെ സഹായിക്കില്ല.
ലീഗ് റൗണ്ടില്‍ ഇനി എല്ലാ ടീമുകള്‍ക്കും രണ്ട് മത്സരങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ചെന്നൈയിന് എഫ്.സി. മാത്രമാണ് ഇതിനകം സെമിയില്‍ എത്തിക്കഴിഞ്ഞത്. സെമി കളിക്കുന്ന മറ്റ് മൂന്നു ടീമുകള്‍ ഏതെന്നറിയാന്‍ രണ്ട് റൗണ്ട് മത്സരങ്ങള്‍ കൂടി കഴിയണം.