ജര്‍മ്മനിയില്‍ 30 പേരെ കൊലപ്പെടുത്തിയ നഴ്‌സ് കുറ്റം സമ്മതിച്ചു

ബ്രീമണ്‍: ഓവര്‍ ഡോസ് മരുന്ന് നല്‍കി താന്‍ മുപ്പതു പേരെ കൊലപ്പെടുത്തിയിട്ടുണ്‌ടെന്ന് ജര്‍മ്മനിയില്‍ നഴ്‌സിന്റെ കുറ്റസമ്മതം. 38 വയസുകാരനായ ഇയാള്‍ 2003 നും 2005 നും ഇടയിലാണ് ഇത്രയും പേരെ മരുന്നുകള്‍ ആവശ്യത്തിലും അധികം കുത്തിവച്ച് കൊലപ്പെടുത്തിയത്. വടക്കന്‍ ജര്‍മ്മനിയിലെ ഡെല്‍മന്‍ഹോര്‍സ്റ്റ് ക്ലിനിക്കില്‍ ചികിത്സ തേടിയവരെയാണ് നഴ്‌സ് കൊലപ്പെടുത്തിയത്. മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുമ്പോളായിരുന്നു ഇയാള്‍ കൂടുതല്‍ ആളുകളെ കൊലപ്പെടുത്തിയെന്ന വിവരം പുറത്തായത്.

ഒരു മനശാസ്ത്രജ്ഞനോടാണ് നഴ്‌സ് താന്‍ ഇത്രയും പേരെ കൊന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. മനശാസ്ത്രജ്ഞന്‍ വിവരം കോടതിയെ അറിയിക്കുകയായിരുന്നു. ഡെല്‍മന്‍ഹോര്‍സ്റ്റ് ക്ലിനിക്കില്‍ ഇതിനു മുമ്പും ചിലര്‍ ദുരൂഹ സാചര്യത്തില്‍ മരിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് ഈ കേസുകള്‍ എല്ലാം വീണ്ടും പരിശോധിക്കുകയാണ്. 2008-ല്‍ കൊലപാതക ശ്രമത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തികൂടിയാണ് കുറ്റസമ്മതം നടത്തിയ നഴ്‌സ്. ഇയാള്‍ക്ക് അന്നു നടത്തിയ കുറ്റത്തിന് ഏഴരവര്‍ഷം കോടതി ശിക്ഷ വിധിച്ചിട്ടുമുണ്ട്.

Top