തിരുവനന്തപുരം: കരുത്തും സംരക്ഷണവും നല്‍കിയിരുന്ന, വലതുകൈ നഷ്ടപ്പെട്ട അനുഭവമാണ് ജി.കാര്‍ത്തികേയന്റെ നിര്യാണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുസ്മരിച്ചു.
കുലീനവും ഉന്നതവുമായ രാഷ്ട്രീയസംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ജി.കാര്‍ത്തികേയനെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ് എംപി.
ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് എ.കെ.ആന്റണി. സംഘടനയിലും പാര്‍ട്ടിയിലും ഒപ്പം പ്രവര്‍ത്തിച്ച കാലം മറക്കാനാവാത്ത അനുഭവമെന്നും ആന്റണി ഓര്‍മ്മിച്ചു.
മന്ത്രിയെന്ന നിലയിലും രാഷ്ട്രീയനേതാവെന്ന നിലയിലും കറപുരളാത്ത വ്യക്തിത്വമായിരുന്നു ജി.കാര്‍ത്തികേയന്റേതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് എംഎല്‍എ പറഞ്ഞു.
പ്രമുഖര്‍ അനുസ്മരിക്കുന്നു…………
പി.കെ കുഞ്ഞാലിക്കുട്ടി
പൊതു ജീവിതത്തിലെ മാതൃകാ പുരുഷനായിരുന്നു ജി കാര്‍ത്തികേയനെന്ന് വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി. എല്ലാവര്‍ക്കും ഇഷ്ടമുള്ള പ്രമുഖനായ വ്യക്തിത്വത്തിനുടമയാണ് ജി കാര്‍ത്തികേയനെന്നും അദ്ദേഹം അനുസ്മരിച്ചു.
പിജെ ജോസഫ്
എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹം പിടിച്ചുപറ്റിയ നേതാവാണ് ജി കാര്‍ത്തികേയന്‍. സ്പീക്കറായതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും ആദരവ് പിടിച്ച പറ്റിയ നേതാവാണെന്നും പിജെ ജോസഫ് അനുസ്മരിച്ചു.
കാനം രാജേന്ദ്രന്‍
ജീവിതത്തില്‍ ഉന്നത മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച നേതാവായിരുന്നു കാര്‍ത്തികേയന്‍. എല്ലാവരോടും നല്ല ബന്ധം സ്ഥാപിച്ചിരുന്ന മഹാ വ്യക്തിത്വമായിരുന്നു ജി കാര്‍ത്തികേയനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഓര്‍മ്മിച്ചു.
എന്‍ കെ പ്രേമചന്ദ്രന്‍
സംശുദ്ധമായ പൊതു ജീവിതത്തിന്റെ പ്രതീകമായിരുന്നു ജി കാര്‍ത്തികന്റേതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അനുസ്മരിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന വ്യക്തിത്വമായിരുന്നു ജി കാര്‍ത്തികന്റേത്.
ഷിബു ബേബി ജോണ്‍
മാന്യതയുടെ പര്യായമായിരുന്നു ജി കാര്‍ത്തികേയനെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ അനുസ്മരിച്ചു.
പിണറായി വിജയന്‍
രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷ്യത്വവും പുലര്‍ത്തിയ കോണ്‍ഗ്രസ്സിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജി.കാര്‍ത്തികേയന്‍. നിയമ സഭയിലും അല്ലാതെയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും അനുശോചനം അറിയിക്കുന്നതായും പിണറായി പറഞ്ഞു.