തിരുവനന്തപുരം: പ്രമുഖ വോളിബോള്‍ താരം ടോം ജോസഫും ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജും അടക്കം ഇത്തവണ നാല് പേര്‍ക്ക് ജി.വി രാജ പുരസ്‌കാരം. പുരുഷ വനിതാ വിഭാഗങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതമാണ് ഇത്തവണ അവാര്‍ഡിന് അര്‍ഹരായത്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ ഒപി ജെയ്ഷ, ജിബിന്‍ തോമസ് എന്നിവരും സംസ്ഥാന സര്‍ക്കാരിന്റെ ജിവി രാജ പുരസ്‌കാരത്തിന് അര്‍ഹരായി.
പിടി ഉഷയാണ് മികച്ച പരിശീലക. ടിന്റു ലൂക്കയുടെ നേട്ടങ്ങളാണ് ഉഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മാനുവല്‍ ഫെഡറികിന് ലഭിച്ചു.
എട്ട് തവണയാണ് ജി.വി രാജ അവാര്‍ഡിന് വേണ്ടി ടോം ജോസഫ് അപേക്ഷിച്ചത്. അര്‍ജ്ജുന ലഭിച്ചതിന് പിന്നാലെയാണ് ജിവി രാജ അവാര്‍ഡും ടോമിന് ലഭിക്കുന്നത്.
മികച്ച കായികഅധ്യാപകനുള്ള അവാര്‍ഡ് കോളേജ് വിഭാഗത്തില്‍ കോതമംഗലത്തെ ബാബു പി.ടിയും സ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് മുണ്ടൂരിലെ എന്‍എസ് സിജിനും കരസ്ഥമാക്കി.
മികച്ച കായിക ലേഖകനുള്ള അവാര്‍ഡ് ദീപകയിലെ തോമസ് വര്‍ഗീസിനും മികച്ച വാര്‍ത്താ ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് മലയാള മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിയ്ക്കും ലഭിച്ചു. മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡ് മലയാള മനോരമയിലെ റിപ്പോര്‍ട്ടര്‍ ടികെ സനീഷിനും ലഭിച്ചു.