തിരുവനന്തപുരം: സര്‍ക്കാരിന്റെ പകപോക്കലിനെതിരെ പ്രതികരിച്ചതിന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെതിരെ നടപടിയുണ്ടായാല്‍ ശക്തമായി പ്രതികരിക്കാന്‍ സിപിഎം തീരുമാനം.
സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ യുഡിഎഫ് സര്‍ക്കാര്‍ നടപടി എടുത്താലും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആ നടപടി റദ്ദാക്കുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്, പി.ബി അംഗം പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവര്‍ ഈ നിലപാടിലാണ്.
സര്‍ക്കാരിനെതിരെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ അനാവശ്യമായി രംഗത്തുവരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെങ്കിലും തികച്ചും ന്യായമായ കാര്യത്തിന് അപമാനിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ വികാരം ആ അര്‍ത്ഥത്തിലാണ് പരിഗണിക്കേണ്ടതെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
ഫ്ളാറ്റ് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജേക്കബ് തോമസിന് തരം താഴ്ന്ന പോസ്റ്റില്‍ നിയമനം നല്‍കിയതെന്നും ഡിജിപി തസ്തികയിലുള്ള ഒരു ഉദ്യോസ്ഥനെ വ്യക്തിപരമായി അധിക്ഷേപിക്കുകകൂടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആരോപണം.
വിജിലന്‍സ് എഡിജിപി ആയിരിക്കെ ജേക്കബ് തോമസിന്റെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് ബാര്‍ കോഴ കേസില്‍ സര്‍ക്കാരിന് പ്രതിസന്ധിയുണ്ടായത് എന്നതുകൊണ്ട് അദ്ദേഹത്തെ വളഞ്ഞിട്ട് അപമാനിക്കുന്നത് ശരിയായ നിലപാടല്ലെന്നാണ് സിപിഎം വാദം.
വിജിലന്‍സ് കോടതി വിധി നല്ല തീരുമാനമെന്ന് ജേക്കബ് തോമസ് പറഞ്ഞത് എങ്ങനെ കുറ്റകരമാവുമെന്നാണ് സിപിഎം നേതൃത്വം ചോദിക്കുന്നത്.
ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പരസ്യപ്രസ്താവന നടത്താം, മറ്റുള്ളവര്‍ക്ക് പ്രതികരിക്കാന്‍ പാടില്ല എന്ന് പറയുന്നതിലെ യുക്തിയും പാര്‍ട്ടി ചോദ്യം ചെയ്യും.
വിന്‍സന്‍ പോളിന് പകരം യുഡിഎഫ് സര്‍ക്കാര്‍ ആരെ നിയമിച്ചാലും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ സ്ഥാനചലനമുണ്ടാകുമെന്ന സൂചനയും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
ജേക്കബ് തോമസിനെ പോലെയുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരാണ് വിജിലന്‍സ് തലപ്പത്ത് വരേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രതികരിച്ചതിന് ജേക്കബ് തോമസിനെതിരെ നടപടിയുണ്ടായാല്‍ അദ്ദഹം കോടതിയെ സമീപിക്കാനും സാധ്യത കൂടുതലാണ്.
ജേക്കബ് തോമസിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി ശാസനയില്‍ ഒതുക്കാനും ഇന്‍ക്രിമെന്റ് കട്ടുചെയ്യുന്നതിലും സസ്പെഷന്നിലും വരെ എത്തിക്കാനും സര്‍ക്കാരിന് കഴിയും.
അതല്ലെങ്കില്‍ നേരത്തെ ഋഷിരാജ് സിങ്ങിനോട് കാണിച്ച മര്യാദപോലെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി അവസാനിപ്പിക്കുകയുമാവാം.
എന്ത് നടപടി സ്വീകരിച്ചാലും അത് സര്‍വ്വീസ് ബുക്കില്‍ വരുമെന്നതിനാല്‍ സാധാരണ അച്ചടക്ക നടപടിയെന്നു കേട്ടാല്‍ തന്നെ മിക്ക ഉദ്യോഗസ്ഥരും കാല് പിടിക്കാന്‍ ഓടുകയാണ് പതിവ്.
എന്നാല്‍ ആരുടെ മുന്നിലും തല കുനിക്കാന്‍ താല്പര്യപ്പെടാത്ത ജേക്കബ് തോമസ് നടപടി വരട്ടെ അപ്പോള്‍ കാണാം എന്ന നിലപാടിലാണ്.
പോലീസ് യൂണിഫോമില്‍ വളരെ കുറച്ചുനാളത്തെ മാത്രം പ്രവര്‍ത്തന പരിചയമുള്ള ജേക്കബ് തോമസിന് ഐപിഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ സുഹൃത്തുക്കള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണുള്ളത്.
ഡിജിപി ടി.പി സെന്‍കുമാറിന്റെയും വിന്‍സന്‍ എം പോളിന്റെയും നിലപാടുകളെ പിന്തുണയ്ക്കുന്നവരാണ് സേനയില്‍ ബഹുഭൂരിപക്ഷം പേരുമെന്നതും ശ്രദ്ധേയമാണ്.
ഇനിയും അഞ്ച് വര്‍ഷക്കാലത്തോളം ജേക്കബ് തോമസിന് സര്‍വ്വീസ് ബാക്കിയുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ധൈര്യം. ഭരണമാറ്റമുണ്ടാവുകയും ജേക്കബ് തോമസ് തന്ത്രപ്രധാനമായ തസ്തികയില്‍ വരുകയും ചെയ്താല്‍ അത് കുരുക്കാവുമെന്ന ഭീതി യുഡിഎഫ് നേതൃത്വത്തിനുമുണ്ട്.