ടാറ്റയുടെ ഹച്ചബാക്ക് മോഡല്‍ ബോള്‍ട്ട് ഇനി നേപ്പാളിലും

ടാറ്റ മോട്ടോഴ്‌സിന്റെ പുത്തന്‍ ഹാച്ച്ബാക്കായ ബോള്‍ട്ട് അയല്‍ രാജ്യമായ നേപ്പാളില്‍ വില്‍പ്പനയ്‌ക്കെത്തിച്ചു. എക്‌സ് ഇ, എക്‌സ് എം, എക്‌സ് ടി വകഭേദങ്ങളില്‍ ലഭ്യമാവുന്ന ‘ബോള്‍ട്ട്’ വെനീഷ്യന്‍ റെഡ്, പ്രിസ്റ്റീന്‍ വൈറ്റ്, പ്ലാറ്റിനം സില്‍വര്‍, സ്‌കൈ ഗ്രേ, ഡ്യൂണ്‍ ബീജ് നിറങ്ങളിലാണു വിപണിയിലുള്ളത്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാണ് ബോള്‍ട്ട് നേപ്പാളിലും എത്തുന്നത്. കാറിലെ 1.2 ലീറ്റര്‍, ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന് പരമാവധി 90 പി എസ് കരുത്തും 140 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും.

ഇന്ത്യയില്‍ വിവിധ നിര്‍മാതാക്കള്‍ക്കായി മികവു തെളിയിച്ച 1.3 ലീറ്റര്‍, ക്വാഡ്രാജെറ്റ് ആണു കാറിലെ ഡീസല്‍ എന്‍ജിന്‍; പരമാവധി 75 പി എസ് കരുത്തും 190 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് ഇരു എന്‍ജിനുകള്‍ക്കുമൊപ്പമുള്ള ട്രാന്‍സ്മിഷന്‍. ഡീസല്‍ എന്‍ജിന് ലീറ്ററിന് 22.95 കിലോമീറ്ററും പെട്രോള്‍ എന്‍ജിന് 17.57 കിലോമീറ്ററുമാണു ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, ഫോഗ് ലൈറ്റ്, അലോയ് വീല്‍, ബ്ലൂടൂത്ത്, ഓക്‌സിലറി ഇന്‍, ഫോണ്‍ അധിഷ്ഠിത നാവിഗേഷന്‍ സിസ്റ്റം എന്നിവയോടെ ഹര്‍മാന്‍ ടച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ടച് കണ്‍ട്രോളോടെ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്നില്‍ ഇരട്ട എയര്‍ബാഗ്, എ ബി എസ്, ഇ ബി ഡി, കോര്‍ണറിങ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയൊക്കെ പുതിയ ബോള്‍ട്ടിന്റെ സവിശേഷതകളാണ്.

പെട്രോള്‍ ബോള്‍ട്ടിന് 23.95 ലക്ഷം നേപ്പാളി രൂപ(ഏകദേശം 14.98 ലക്ഷം ഇന്ത്യന്‍ രൂപ)യും ഡീസല്‍ ബോള്‍ട്ടിന് 28.35 ലക്ഷം നേപ്പാളി രൂപ(17.73 ലക്ഷത്തോളം ഇന്ത്യന്‍ രൂപ)യുമാണു കഠ്മണ്ഡുവിലെ ഷോറൂം വില.

ആഗോള നിലവാരമുള്ള രൂപകല്‍പ്പനയും സംവിധാനങ്ങളും സൗകര്യങ്ങളുമൊക്കെയാണു ബോള്‍ട്ടില്‍ ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയ്ക്കു പുറമെ യു കെയിലും ഇറ്റലിയിലുമുള്ള സംഘങ്ങള്‍ ചേര്‍ന്നാണു കാറിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്.

Top