ഹൈദരാബാദ്: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദയെ അറസ്റ്റു ചെയ്യുന്നത് ഒരു ദിവസത്തേക്ക് സുപ്രീംകോടതി തടഞ്ഞു. ഹൈക്കോടതി ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ടീസ്ത സുപ്രീംകോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം. നാളെ കോടതി ജാമ്യാപേക്ഷ പരിഗണിക്കും.
2002ല്‍ കൂട്ടക്കൊല നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായി സമാഹരിച്ച പണം വെട്ടിച്ചെന്ന കേസില്‍ ടീസ്ത സെതല്വാദയുടെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ടീസ്തയെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ശ്രമം തുടങ്ങിയിരുന്നു. തുടര്‍ന്ന് ടീസ്തയുടെ മുംബയിലെ വീട്ടില്‍ എത്തിയെങ്കിലും അവരെ കണ്ടെത്താനായിരുന്നില്ല. ടീസ്തയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദും ഈ കേസില്‍ പ്രതിയാണ്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍ തന്നെ ഫണ്ട് തട്ടിപ്പ് നടന്നതായി പ്രഥമദൃഷ്ട്യാ കരുതേണ്ടിയിരിക്കുന്നു എന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.
2014 ജനുവരി അഞ്ചിനാണ് ടീസ്ത, ജാവേദ് ആനന്ദ്, മുന്‍ കോണ്‍ഗ്രസ് എം.പിയും കലാപത്തില്‍ കൊല്ലപ്പെടുകയും ചെയ്ത എഹ്സാന്‍ ജഫ്രിയുടെയും സാക്കിയ ജഫ്രിയുടെ മകന് തന്‍വീര്‍ ജഫ്രി, ഗുല്‍ബര്‍ഗ് സൊസൈറ്റി സെക്രട്ടറി ഫിറോസ് ഗുല്‍സാര്‍, ചെയര്മാന് സലിം സന്ധി എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. ഇരകള്‍ക്ക് നല്‍കാനായി സബ്രംഗ് ട്രസ്റ്റിന്റെ പേരില്‍ പിരിച്ചെടുത്ത 1.51 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം.