ന്യൂഡല്‍ഹി: സാമ്പത്തിക തിരിമറി ആരോപണക്കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനും സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇരുവരും ചേര്‍ന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ഗോധ്ര കലാപത്തില്‍ കത്തിനശിച്ച ഹൗസിങ് സൊസൈറ്റി മ്യൂസിയമാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഫണ്ട് തിരിമറി നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം.
ഫെബ്രുവരി 13ന് കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ടീസ്റ്റയെ അറസ്റ്റ് ചെയ്യുന്നത് 19 വരെ തടഞ്ഞിരുന്നു. അതേസമയം ടീസ്റ്റയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു പുതിയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റീസുമാരായ എസ് ജെ മുഖ്യോപാധ്യായ എന്‍ വി രാമണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചതും 19 വരെ അറസ്റ്റ് തടഞ്ഞതും. ജസ്റ്റീസുമാരായ ദീപക് മിശ്ര, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരാണ് പുതിയ ബെഞ്ചിലുള്ളത്.