ടൊയ്‌ലറ്റ് ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ഓണ്‍ലൈന്‍ പ്രോഗ്രാം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ശുചിത്വ പദ്ധതിയുടെ ഭാഗമായി, ആളുകള്‍ ടൊയ്‌ലറ്റ് ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ഓണ്‍ലൈന്‍ പ്രോഗ്രാം തുടങ്ങുന്നു. ഗ്രാമീണ മേഖലയിലെ ടൊയ്‌ലറ്റ് ഉപയോഗത്തെക്കുറിച്ച് പഠിക്കാന്‍ മൊബൈല്‍ ഫോണുകളും ടാബ്ലറ്ുകളും ഐപാഡുകളുമായി ഉദ്യോഗസ്ഥരെ അയയ്ക്കും. ശേഖരിക്കുന്ന വിവരങ്ങള്‍ തത്സമയം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും.

ടൊയ്‌ലറ്റുകളുടെ അഭാവം കാരണം അകാല മരണവും ശുചിത്വമില്ലായ്മ കാരണമുണ്ടാകുന്ന രോഗങ്ങളും ഇന്ത്യയില്‍ ഏറെയാണെന്ന് ലോക ബാങ്ക് പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതുവഴി പ്രതിവര്‍ഷം 5000 കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ വളരെ കൂടുതലാണിത്.

ഇന്ത്യയില്‍ 62.6 കോടി ആളുകളാണ് തുറന്ന സ്ഥലത്ത് മലവിസര്‍ജനം നടത്തുന്നത്. ചൈനയില്‍ ഇങ്ങനെയുള്ളവര്‍ 1.4 കോടി മാത്രമാണെന്ന് ലോകാരോഗ്യ സംഘടന 2012ല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തില്‍, ടോയ്‌ലറ്റുകള്‍ നിര്‍മിക്കാനുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കുകയും, രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
ടൊയ്‌ലറ്റുകളുടെ നിര്‍മാണം മാത്രമാണ് ഇതുവരെ നിരീക്ഷിക്കപ്പെട്ടിരുന്നു. ഇവ ഉപയോഗിക്കുന്നുണ്ട് എന്നുകൂടി ഉറപ്പാക്കാനാണ് പുതിയ പദ്ധതി.

Top