ഡിജിപിക്കെതിരായ ഗൂഢാലോചനയെകുറിച്ച്‌ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് നിന്ന് തൃശൂര്‍ കമ്മിഷണര്‍ക്ക് പോയ ഫോണ്‍ കോളിനെ സംബന്ധിച്ച് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഇന്റലിജന്‍സ് എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം. തനിക്കെതിരായ ഗൂഢാലോചനയെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപി ബാലസുബ്രഹ്മണ്യം നേരിട്ട് കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് സമഗ്ര അന്വേഷണത്തിന് വഴി ഒരുങ്ങിയത്.

ഡിജിപി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി എന്ന് പറഞ്ഞ് മുന്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിജിപി എം.എന്‍ കൃഷ്ണമൂര്‍ത്തി തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബിനോട് നിസാമിനെ സഹായിക്കാന്‍ ആവശ്യപ്പെട്ടത് സംബന്ധിച്ച് വിശദമായ ആന്വേഷണം ആവശ്യമാണെന്നാണ് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഡിജിപി ബാലസുബ്രഹ്മണ്യം ആവശ്യപ്പെട്ടിരുന്നത്.

പൊലീസ് ആസ്ഥാനത്തെയും മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി, തൃശൂര്‍ മുന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബ് തുടങ്ങിയവരുടെയും ടെലിഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം. സാധാരണ ഗതിയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കാന്‍ ഡിജിപിക്ക് അധികാരമുണ്ടെങ്കിലും ആരോപണം ഉയര്‍ന്നത് ഡിജിപിക്കെതിരെ തന്നെ ആയതു കൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയെ സമീപിച്ചത്.

ജേക്കബ് ജോബുമായി കൃഷ്ണമൂര്‍ത്തി നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തായതും അതിലെ ഉള്ളടക്കവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവും ഡിജിപി മുന്നോട്ട് വച്ചിട്ടുണ്ട്.

സംസ്ഥാന പൊലീസ് മേധാവി നേരിട്ട് രേഖാമൂലം ആവശ്യപ്പെട്ടതിനാല്‍ ദ്രുതഗതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്റലിജന്‍സ് അന്വേഷണത്തില്‍ ഗൂഢാലോചനയും അഴിമതിയും കണ്ടെത്തിയാല്‍ വിജിലന്‍സിന് അന്വേഷണം കൈമാറാനാണ് തീരുമാനം.

ജേക്കബ് ജോബ് കൃഷ്ണമൂര്‍ത്തിയുമായി നടത്തിയ ഫോണ്‍ സംഭാഷണം എങ്ങനെയാണ് ഗവ.ചീഫ് വിപ്പ് പി.സി ജോര്‍ജിന് കിട്ടിയതെന്നതിനെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നുണ്ട്. ജേക്കബ് ജോബ് തിരുവല്ലയില്‍ വച്ച് പി.സി ജോര്‍ജിന് സംഭാഷണമടങ്ങിയ സിഡി കൈമാറിയതായാണ് ആരോപണം. സംസ്ഥാന പൊലീസിന്റെ പ്രതിച്ഛായ തകര്‍ത്ത സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന വികാരം പൊലീസ് സേനയ്ക്കകത്ത് ശക്തമായിരിക്കെയാണ് ഇന്റലിജന്‍സ് അന്വേഷണം.

നിലവിലെ സാഹചര്യത്തില്‍ പൊലീസ് സര്‍വകലാശാല സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥാനത്ത് തുടരാന്‍ കൃഷ്ണമൂര്‍ത്തിക്ക് ഇനി കഴിയുമോ എന്ന കാര്യത്തിലും സംശയമാണ്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തുമെന്നാണ് സൂചന.

ഡിജിപി ബാലസുബ്രഹ്മണ്യത്തെ ‘ടാര്‍ഗറ്റ്’ ചെയ്ത് അണിയറയില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണമെന്നാണ് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ വികാരം.

തൃശൂര്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബ് ഇതിനായി ഗവ.ചീഫ് വിപ്പ് പി.സി ജോര്‍ജിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന ആക്ഷേപവും ശക്തമാണ്.

അതേസമയം, തനിക്ക് ലഭിച്ച തെളിവുകള്‍ പി.സി ജോര്‍ജ് പുറത്തു വിട്ടതില്‍ യാതൊരു തെറ്റുമില്ലെന്ന മറുവാദവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പ്രധാനമായും കേരള കോണ്‍ഗ്രസ് നേതാക്കളാണ് പി.സി ജോര്‍ജിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുള്ളത്.

വിവാദ ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട അന്വേഷണം കൊലക്കേസ് പ്രതിയെ രക്ഷപ്പെടുത്താന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും കുരുക്കായി മാറുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Top