ഡിജിപിമാരുടെ അഭിപ്രായ ഭിന്നത; ഐപിഎസ് അസോസിയേഷന്റെ അടിയന്തര യോഗം വിളിച്ചു

കൊച്ചി: ഐപിഎസ് അസോസിയേഷന്റെ അടിയന്തര മീറ്റിംഗ് ഇന്ന് പോലീസ് ആസ്ഥാനത്ത് ചേരും. ഡിജിപിമാരായ ജേക്കബ് തോമസും ടി പി സെന്‍ കുമാറും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിലാണ് യോഗം.

ബാര്‍ കോഴക്കേസിലെ പരാമര്‍ശത്തെചൊല്ലിയാണ് സംസ്ഥാന ഡിജിപിമാര്‍ പരസ്യപോരിലേക്ക് നീങ്ങിയത്. ബാര്‍ കേസില്‍ സത്യം ജയിക്കുമെന്ന ജേക്കബ് തോമസിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് ആദ്യം രംഗത്തെത്തിയത് ഡിജിപി ടിപി സെന്‍കുമാര്‍ തന്നെയായിരുന്നു.

ബാര്‍ കോഴക്കേസ്‌ ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ല. അന്വേഷിക്കാത്ത കേസില്‍ നിന്നും എങ്ങനെയാണ് ഒഴിവാക്കുന്നത്. ഇത് കടുത്ത അച്ചടക്ക ലംഘനമാണെന്നും സെന്‍കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു.

അച്ചടക്കത്തിന്റെ മാനദണ്ഡം തനിക്കറിയില്ല. ഒന്നും മിണ്ടാതിരിക്കാന്‍ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ചാണോ പുറത്തിറങ്ങേണ്ടത്. സത്യമേവ ജയതേ എന്നേ ഇപ്പോള്‍ പറയുന്നുളളുവെന്നും ജേക്കബ് തോമസും പ്രതികരിച്ചു.

അച്ചടക്കത്തിന്റെ സീമ ജേക്കബ് തോമസ് ലംഘിച്ചെന്നായിരുന്നു ചീഫ് സെക്രട്ടറി ജിജി തോംസന്റെ പ്രതികരണം.

Top