പെട്രോളിനു പിന്നാലെ ഡീസലിന്റെ വില നിയന്ത്രണവും എണ്ണകമ്പനികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ വിട്ടുകൊടുക്കുന്നു. വില നിയന്ത്രണം എടുത്തുകളയുന്നതോടെ ഡീസല്‍ സബ്‌സിഡിയും ഇല്ലാതാകും. ജനങ്ങളുടെ എതിര്‍പ്പിനെ പ്രതിരോധിക്കാന്‍ ഡീസല്‍ വില രണ്ടു രൂപ കുറയ്ക്കാനും ആലോചിക്കുന്നു.
വരുന്ന ദീപാവലിക്കു മുന്‍പു ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡീസലിന്റെ വില നിയന്ത്രണം എണ്ണകമ്പനികള്‍ക്കു കൈമാറുന്നതു സംബന്ധിച്ച തീരുമാനം എടുത്തേക്കുമെന്നാണു സൂചന. ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്ര പെട്രോളിയം മന്ത്രാലയം സര്‍ക്കാരിനുമുന്നില്‍ വെച്ചതായും അറിയുന്നു.
വില നിയന്ത്രണത്തിനുള്ള അധികാരം വീട്ടുകൊടുക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വില കൂട്ടാന്‍ എണ്ണകമ്പനികള്‍ക്കു സര്‍ക്കാറിന്റെ അനുമതിക്കായി കാത്തുനില്‍ക്കേണ്ടിവരില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്‍പ്പെടെ നല്‍കുന്ന വലിയ തുക മാറ്റിവെക്കേണ്ടിവരുന്നതാണു ധനകമ്മി പിടിച്ചുനിര്‍ത്തുന്നതിനു തടസമെന്നു കേന്ദ്ര ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ആ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണു ഡീസലിന്റെ വില നിയന്ത്രണം എണ്ണകമ്പനികള്‍ക്കു കൈമാറുന്നത്. ഇതോടെ ഡീസലിന് നല്‍കിവരുന്ന സബ്‌സിഡിയും ഇല്ലാതാകും.
പെട്രോളിനൊപ്പം ഡീസലിന്റെ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാരില്‍നിന്ന് എണ്ണകമ്പനികള്‍ക്കു കൈമാറാനുള്ള നീക്കം കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ തുടങ്ങിയിരുന്നു. വലിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുപിഎ സര്‍ക്കാരിനു സാധിച്ചില്ല. പകരം, നഷ്ടം നികത്താന്‍ പ്രതിമാസം 50 പൈസ വെച്ച് കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.