ഡുക്കാട്ടിയുടെ പുതിയ ബൈക്കുകള്‍ ലോഞ്ച് ചെയ്തു

സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടി അടുത്തവര്‍ഷം പുറത്തിറക്കുന്ന ബൈക്കുകള്‍ ലോഞ്ചു ചെയ്തു. പുതിയ ബൈക്കുകള്‍ക്കൊപ്പം നിലവിലുള്ള മോഡലുകളുടെ പുത്തന്‍ പതിപ്പുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

മോഹിപ്പിക്കുന്ന ബൈക്കുകളുടെ ഒരു നിര തന്നെയാണ് ഡുക്കാട്ടി എത്തിച്ചിരിക്കുന്നത്. പനിഗാല്‍ 1299, മോണ്‍സ്റ്റര്‍ 1200, മള്‍ട്ടിസ്ട്രാഡ 1200 എന്നിവയാണ് പുറത്തിറക്കാനൊരുങ്ങുന്ന പ്രധാന മോഡലുകള്‍. 2015 ഡുക്കാട്ടിയെ സംബന്ധിച്ച് ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഡുക്കാട്ടി മോട്ടോര്‍ ഹോള്‍ഡിങ് സിഇഒ ക്ലോഡിയോ ഡൊമെനിക്കാലി പറഞ്ഞു. സാങ്കേതിക തികവൊത്ത മികച്ച ഡിസൈനോടു കൂടിയ സൂപ്പര്‍ ബൈക്കുകളാണ് തങ്ങള്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1285 സിഎം3 സൂപ്പര്‍ക്വാര്‍ഡോ എഞ്ചിനുമായെത്തുന്ന പനിഗാല്‍ 1299 സ്‌പോര്‍ട്‌സ് ബൈക്ക് ഗണത്തിലേക്കാണ് എത്തുന്നത്. 10,500 ആര്‍പിഎമ്മില്‍ 205 എച്ച്പിയാണ് പരമാവധി പവര്‍. 167 കിലോയോളം ഭാരമുള്ള ഈ കരുത്തന്‍ ഹൈ പെര്‍ഫോമന്‍സ് ബൈക്കുകളില്‍ പുതിയ ബെഞ്ച്മാര്‍ക്കാവുമെന്നാണ് വിലയിരുത്തല്‍. ഡുക്കാട്ടിയുടെ പുതിയ ഡെസ്‌മൊഡ്രൊമിക് വേര്യബിള്‍ ടൈമിങ് (ഡിവിറ്റി) എഞ്ചിനുമായാണ് മള്‍ട്ടിസ്റ്റ്രാഡ 1200 എത്തുന്നത്. മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ആദ്യമായാണ് ഡിവിറ്റി എഞ്ചിന്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രകടനത്തിനൊപ്പം സുരക്ഷയും ഉറപ്പു നല്‍കിയാണ് ഡുക്കാട്ടിയുടെ മോണ്‍സ്റ്റര്‍ 1200 എത്തുന്നത്.

Top