ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം: യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന് ആര്‍എസ്പി

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ ആര്‍എസ്പി നിലപാട് കടുപ്പിക്കുന്നു. സ്ഥാനം നല്‍കിയില്ലെങ്കില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന പാര്‍ട്ടി നിലപാട് ആര്‍എസ്പി നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

കോണ്‍ഗ്രസിലെ പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കറാക്കാനുള്ള നീക്കമാണ് ആര്‍എസ്പിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് തീരുമാനമെടുക്കുകയാണെങ്കില്‍ നിലപാട് കടുപ്പിക്കുമെന്ന് ആര്‍എസ്പി അറിയിച്ചു.

മൂന്ന് എംഎല്‍എമാര്‍ ഉള്ള തങ്ങള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നതില്‍ തെറ്റില്ലെന്നും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മികച്ച വിജയത്തില്‍ ആര്‍എസ്പിക്കും പങ്കുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിലും വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. എ ഗ്രൂപ്പ് പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചേക്കുമെന്ന റിപ്പോര്‍ട്ട് വന്നതിനു പുറമേ ഐ ഗ്രൂപ്പ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കെ. മുരളീധരന്റെ പേര് യുഡിഎഫ് യോഗത്തില്‍ നിര്‍ദേശിക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനം.

Top