പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റിന്‍ഡീസ് മുന്‍ ഏകദിന നായകന് ഡെയ്ന്‍ ബ്രാവോ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ബ്രാവോയെ ടെസ്റ്റ് ടീമിലേയ്ക്ക് പരിഗണിച്ചിരുന്നില്ല. 31-കാരനായ ബ്രാവോയെ അടുത്തിടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ലോകകപ്പിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.
പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യയ്ക്കെതിരായ പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ച് വിന്‍ഡീസ് ടീം മടങ്ങിയത് ബ്രാവോ ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചിരുന്നപ്പോഴാണ്.
40 ടെസ്റ്റുകള്‍ ബ്രാവോ വിന്‍ഡീസിന് വേണ്ടി കളിച്ചിട്ടുണ്ട്. 2010ല്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഒടുവില്‍ ടെസ്റ്റ് കളിച്ചത്. വിരമിക്കല്‍ തീരുമാനം വിന്‍ഡീസ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഏകദിനങ്ങളിലും ട്വന്റി-20യിലും തുടരുമെന്നും ബ്രാവോ അറിയിച്ചു.
ടെസ്റ്റില്‍ 31 ശരാശരിയില്‍ മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പടെ 2,200 റണ്‍സ് ബ്രാവോ നേടിയിട്ടുണ്ട്. 81 വിക്കറ്റും സ്വന്തം പേരില്‍ കുറിച്ചു.