തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളിലായി അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: ഏഴു ജില്ലകളിലായി നടക്കുന്ന അവസാനഘട്ട തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുളള വോട്ടെടുപ്പ് തുടങ്ങി.. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നു തെരഞ്ഞെടുപ്പ്. 12,651 വാര്‍ഡുകളിലായി 44,388 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണു തെരഞ്ഞെടുപ്പ്.

രണ്ടാംഘട്ടത്തില്‍ 1,39,97,529 വോട്ടര്‍മാരില്‍ പുരുഷന്‍മാരെ അപേക്ഷിച്ചു സ്ത്രീകളുടെ എണ്ണം കൂടുതലാണ്. ഏഴു ജില്ലകളിലായി 86,08,540 സ്ത്രീ വോട്ടര്‍മാരാണുള്ളത്. പുരുഷന്‍മാരുടെ എണ്ണം 53,89,079 മാത്രം. ഇതില്‍ മലപ്പുറത്താണു കൂടുതല്‍ വോട്ടര്‍മാരുള്ളത്. ഇവിടെ 29,05103 പേര്‍ക്കാണു സമ്മതിദാനാവകാശമുള്ളത്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.

മിക്കയിടങ്ങളിലും പെയ്യുന്ന കനത്ത മഴ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേസമയം പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് പോളിംഗ് ബൂത്തുകളില്‍ വെള്ളം കയറി. പ്രമാടം, പള്ളിക്കല്‍, ഓമല്ലൂര്‍, നാരങ്ങാനം എന്നിവിടങ്ങളിലെ പോളിംഗ് ബൂത്തുകളിലാണ് വെള്ളം കയറിയത്. എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൊച്ചി നഗരത്തിലെ പല ബൂത്തുകളിലും വെള്ളം കയറി.വോട്ടെടുപ്പിനായി വിവിധ ജില്ലകളില്‍ ശക്തമായ സുരക്ഷാസന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top