തന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചെന്ന വാര്‍ത്ത ഞെട്ടിച്ചതായി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: തന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചെന്ന വാര്‍ത്ത ഞെട്ടിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റ്. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണെന്നും ഈ വാര്‍ത്ത തന്നെ വളരെയധികം വിഷമിപ്പിച്ചെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിങ്ങള്‍ക്ക് സമയവും മാര്‍ഗങ്ങളുമുണ്ടെങ്കില്‍ അത് ശുചിത്വ ഇന്ത്യയെന്ന നമ്മുടെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ഉപയോഗിക്കണമെന്നും മോഡി പറഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് മോഡിക്കായി പ്രവര്‍ത്തകര്‍ ക്ഷേത്രം നിര്‍മ്മിച്ചത്.

ഓം യുവ ഗ്രൂപ്പ് എന്ന സംഘടനയാണ് ക്ഷേത്രം പണിതത്. ‘രാജ്‌കോട്ടില്‍ നിന്ന് മോഡി ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട നാള്‍മുതല്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ ആരാധകരാണ്. അദ്ദേഹത്തെ ദൈവമായാണ് ഞങ്ങള്‍ കാണുന്നത്. മുഖ്യമന്ത്രിയെന്ന നിലയിലും ഇപ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്ക് അതിരറ്റ മതിപ്പാണെന്നും ഗ്രൂപ്പിന്റെ നേതാവ് ജയേഷ് പട്ടേല്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ ആദ്യം മോഡിയുടെ ഫോട്ടോയാണ് വച്ചിരുന്നത്. ഇപ്പോള്‍ അതിന്റെ സ്ഥാനത്ത് 1.7 ലക്ഷം രൂപ മുടക്കി അര്‍ധകായ പ്രതിമ സ്ഥാപിച്ചു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയൊന്നും ഗ്രൂപ്പിന് പ്രശ്‌നമല്ല. കാരണം, തങ്ങള്‍ക്ക് രാഷട്രീയമില്ല എന്നാണ് അവര്‍ പറയുന്നത്. ജീവിച്ചിരിക്കെ ഒരാള്‍ക്കായി ക്ഷേത്രം പണിയുന്നത് ഗുജറാത്തില്‍ ഇതാദ്യമാണ്.

Top