ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണു വോട്ടെടുപ്പ് ആരംഭിച്ചത്. 2,50,000 വോട്ടര്‍മാരാകും ആര്‍കെ നഗറില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുക.
തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ അധ്യക്ഷയുമായ ജയലളിതയാണു തെരഞ്ഞടുപ്പിന്റെ ശ്രദ്ധാകേന്ദ്രം. സിപിഐ സ്ഥാനാര്‍ഥി സി. മഹേന്ദ്രനാണു ജയയ്‌ക്കെതിരേ ആര്‍കെ നഗറില്‍ മത്സരിക്കുന്നത്. വൈകുന്നേരം അഞ്ചുവരെയാണു വോട്ടെടുപ്പ്. ജൂണ്‍ 30നാണു വോട്ടെണ്ണല്‍ നടക്കുക.
സുരക്ഷമുന്‍നിര്‍ത്തി കേന്ദ്രസേനയുള്‍പ്പെടെ വലിയൊരു സന്നാഹംതന്നെ മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മുതല്‍ എ.ഐ.എ.ഡി.എം.കെ. മണ്ഡലത്തില്‍ നിലനിര്‍ത്തിവരുന്ന മേല്‍കൈ അവസാനഘട്ടത്തില്‍ പതിന്മടങ്ങ് ഉയര്‍ന്നതായി മന്ത്രി വളര്‍മതി പറഞ്ഞു.
അതേസമയം പണവും അധികാരവും മുന്നില്‍ നിര്‍ത്തിയാണ് ജയലളിതയ്ക്കായി വോട്ടുപിടിക്കുന്നതെന്ന് പ്രതിപക്ഷകക്ഷികള്‍ കുറ്റപ്പെടുത്തുന്നുണ്ട്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു കുറ്റക്കാരിയെന്നു ബംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചതിനെത്തുടര്‍ന്നു സെപ്റ്റംബറില്‍ ജയലളിതയുടെ എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു. എന്നാല്‍, മേയ് 11നു കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെത്തുടര്‍ന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവര്‍ തിരിച്ചെത്തുകയായിരുന്നു.