തരൂരുമായി അടുപ്പവുമില്ലെന്ന് കാത്തി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി തന്നെ ബന്ധപ്പെടുത്തുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമെന്നു കാത്തി. താന്‍ തിരുവനന്തപുരം സ്വദേശിയല്ലെന്നും തിരുവനന്തപുരത്തോ ദുബായിലോ പോയിട്ടില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. സുനന്ദയുടെ മരണത്തിനു കാരണക്കാരിയെന്ന നിലയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും സോഷ്യല്‍ മീഡിയയില്‍ ഇതു വലിയ പ്രചാരണത്തിനു വഴിയൊരുക്കുകയും ചെയ്തതിനെത്തുടര്‍ന്നാണു കാത്തിയുടെ പ്രസ്താവന.
സുനന്ദയുമായി 2012 ഫെബ്രുവരിയില്‍ പുസ്തകപ്രകാശനച്ചടങ്ങില്‍ മാത്രമാണു നേരിട്ടു കൂടിക്കാഴ്ച നടത്തിയത്. അതിനു മുന്‍പോ ശേഷമോ അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ ശശി തരൂരിന്റെ ആത്മകഥയെഴുതുന്നുമില്ല.
എന്നെക്കുറിച്ചു വാര്‍ത്തകള്‍ വന്നതോടെ ഈ മാസം അഞ്ചിനു ഞാന്‍ ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷയായെന്ന ആരോപണവും തെറ്റാണ്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും പ്രതികരിക്കുന്നതു നിര്‍ത്തിവച്ചുവെന്നതാണു ശരി. എന്റെ കമന്റുകളെ തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയാകേണ്ടെന്നു കരുതിയാണിത്.
ശശി തരൂരുമായി എനിക്കു വഴിവിട്ട ബന്ധമില്ല. ആകെ നാലു തവണയാണു ഞങ്ങള്‍ കണ്ടിട്ടുള്ളത്. മൂന്നു പ്രാവശ്യവും ഓരോ ചടങ്ങുകളില്‍. ഒരു തവണ അഡ്വന്റിസ്റ്റ് മീഡിയ സെന്ററില്‍ ഇന്റര്‍വ്യൂവിനുവേണ്ടി. അവിടെയും നിരവധിയാളുകളുണ്ടായിരുന്നു. 2014 മാര്‍ച്ചില്‍ എന്റെ പുസ്തകം ‘സൈലന്‍സ്ഡ് ബൈ ലവ്’ പ്രകാശനത്തിനുശേഷം ഡല്‍ഹിക്കു പോകുകയോ തരൂരിനെ കാണുകയോ ഉണ്ടായിട്ടില്ല. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ 2013 ഏപ്രില്‍ മുതല്‍ അറിയാം. അവരുടെ ലേഖനങ്ങളുടെ ആരാധികയാണ് ഞാന്‍. അതേക്കുറിച്ച് അഭിപ്രായം അറിയിക്കാറുമുണ്ട്. അതിലപ്പുറമൊന്നുമില്ല.
തരൂരിയന്‍ ഫൊര്‍ ചെയ്ഞ്ച് എന്ന എന്റെ ബ്ലോഗ് 2012ല്‍ തുടങ്ങിയതാണ്. യുവാക്കളെ ഉദ്ദേശിച്ചു തുടങ്ങിയ ബ്ലോഗിനു യുവാക്കള്‍ക്കിടയില്‍ മികച്ച പ്രതികരണം ലഭിച്ചു. ഇത് അന്നു കേന്ദ്ര മന്ത്രിയായിരുന്ന തരൂരിനെക്കുറിച്ചാണെന്ന തെറ്റിദ്ധാരണയുണ്ടായി. വിശ്വപൗരനായ തരൂരിനെ വിദ്യാര്‍ഥിയെന്ന നിലയില്‍ ഗുരുവായാണു താന്‍ കാണുന്നതെന്നും കാത്തി.

Top