ന്യൂഡല്‍ഹി: രാജ്യത്തിന്റെ തലസ്ഥാന നഗരി ശ്വസിക്കുന്നത് ‘വിഷം’. ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായി ഡല്‍ഹി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. അനിയന്ത്രിതമായ വായു മലിനീകരണമാണ് ഡല്‍ഹിയെ മലീമസമാക്കുന്നത്.
ഡല്‍ഹിയിലെ ഗതാഗതത്തില്‍ നിന്നാണ് അപകടകരമായ രീതിയില്‍ വായു മലിനീകരണമുണ്ടാകുന്നത്. വായുമലിനീകരണത്തിന്റെ ദോഷ ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് ട്രാഫിക്ക് പൊലീസിനാണ്. വിഷം കലര്‍ന്ന വായുവാണ് ഇവര്‍ ശ്വസിക്കുന്നതെന്നാണ് പഠനം പറയുന്നത്.
ജംഗ്ഷനുകളിലും ട്രാഫിക് ജാമുണ്ടാകുന്നതിന്റെ പരിസര പ്രദേശങ്ങളിലുമായിരിക്കും ഏറ്റവും കൂടുതല്‍ അന്തരീഷമലിനീകരണം ഉണ്ടാകുന്നത്. ഡല്‍ഹിയില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന വാഹനങ്ങള്‍ അന്തരീഷ മലിനീകരണത്തില്‍ പ്രധാനപങ്കു വഹിക്കുന്നുണ്ട്. കൂടാതെ വ്യവസായ ശാലകളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും വരുന്ന പുകയും അന്തരീഷത്തെ മലിനമാക്കുന്നു.
അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരിന് ഈ പഠന റിപ്പോര്‍ട്ട് വെല്ലുവിളിയായിരിക്കുകയാണ്. ഡല്‍ഹിയെ ഹരിത നഗരമാക്കുമെന്നും ലോകത്തെ മികച്ച സിറ്റിയാക്കുമെന്നും ആം ആദ്മി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വാഗ്ദാനം ചെയ്തിരുന്നു.