തായ്‌ലന്‍ഡില്‍ വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നതിന് നിരോധം

ബാങ്കോക്ക്: വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നതിന് തായ്‌ലന്‍ഡില്‍ നിരോധനം. വന്ധ്യതാനിവാരണ ടൂറിസമെന്ന നിലയിലാണ് തായ്‌ലന്‍ഡ് വിദേശകള്‍ക്ക് ഗര്‍ഭപാത്രം വാടയ്ക്കു നല്‍കാന്‍ സ്ത്രീകളെ അനുവദിച്ചിരുന്നത്.

വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കുന്നത് കച്ചടവല്‍കരിക്കുന്നത് കുറ്റമാക്കിക്കൊണ്ടുള്ള കരട് നിയമത്തിന് കഴിഞ്ഞ ആഗസ്റ്റില്‍ പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു. നവംബറില്‍ നിയമത്തിന് പൂര്‍ണതോതില്‍ അംഗീകാരം ലഭിക്കുകയും ഇന്നലെ നിയമം പ്രാബല്യത്തിലാവുകയും ചെയ്തു. തുടര്‍ന്നാണ് നിരോധനം വന്നത്. അതേസമയം, തായ് ദമ്പതികള്‍ക്കും തായ് വംശമിശ്ര ദമ്പതികള്‍ക്കും ഈ നിരോധനം ബാധകമല്ല. യുവതിക്ക് 25 വയസ് കഴിഞ്ഞിരിക്കണമെന്നു മാത്രം.

അതേസമയം, രാജ്യത്തെ ആയിരക്കണക്കിന് സ്ത്രീകളെയും കുടുംബങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ് നിയമമെന്ന വിമര്‍ശവും ഉയര്‍ന്നുകഴിഞ്ഞു.നിയമംമൂലം നിരോധിച്ചാല്‍, രഹസ്യമായി ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നത് വര്‍ധിക്കുകയും വാടക അമ്മമാരാകുന്ന സ്ത്രീകള്‍ക്ക് മികച്ച ആരോഗ്യ സേവനം ലഭിക്കാതെ വരുകയും ചെയ്യുമെന്നാണ് വിമര്‍ശകരുടെ പക്ഷം.

ആസ്‌ട്രേലിയന്‍ ദമ്പതികള്‍ക്കു വേണ്ടി ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ തായ് യുവതി ഇരട്ടക്കുട്ടികളെ പ്രസവിക്കുകയും അതിലൊന്ന് മന്ദബുദ്ധിയാകുകയും ചെയ്തതിനെത്തുടര്‍ന്ന് വിദേശ ദമ്പതികള്‍ ആരോഗ്യമുള്ള കുഞ്ഞിനെ മാത്രമെടുത്തത് വന്‍ വിവാദമായിരുന്നു. ഒരു ജപ്പാന്‍കാരന്‍ ഗര്‍ഭപാത്രങ്ങള്‍ വാടകക്കെടുത്ത് 16 കുട്ടികള്‍ക്ക് ജന്മം നല്‍കിയതും തായ്‌ലന്‍ഡില്‍ തന്നെ. ഏറെ കൗതുകം നിറഞ്ഞ ഗര്‍ഭപാത്ര വാടക രീതിയെ ബേബി ഫാക്ടറി എന്നാണ് തായ്‌ലന്‍ഡിലെ പ്രാദേശിക മാധ്യമങ്ങള്‍ വിളിക്കുന്നത്.

Top