കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൗറയിലെ തിരക്കേറിയ സത്റഗച്ചി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര് മരിച്ചു. പതിനാലിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വൈകിട്ട് 6.30നാണ് ദുരന്തമുണ്ടായത്. ട്രെയിനിനായി കാത്തുനിന്നവര്‍ കൂട്ടത്തോടെ പ്ലാറ്റ്ഫോമിലൂടെ ഓടിയതാണ് അപകട കാരണം.ഒരേസമയം എക്സ്പ്രസ് ട്രെയിനും ലോക്കല്‍ ട്രെയിനും എത്തിയതാണ് ദുരന്തത്തിന് വഴിവെച്ചത്. ഇതിലൊന്ന് നേരത്തെ എത്തുകയായിരുന്നു. അതേസമയം പരുക്കേറ്റവരെ ഹൗറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി റെയില്‍വേയെ രൂക്ഷമായി വിമര്‍ശിച്ചു.ഒരേസമയം ഒന്നിലധികം ട്രെയിനുകള്‍ വന്നത് റെയില്‍വേയുടെ അനാസ്ഥയാണെന്ന് മമത ആരോപിച്ചു.അടിയന്തരമായി ഭരണതലത്തിലുള്ള അന്വേഷണമുണ്ടാവുമെന്നും മമത പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ റെയില്‍വേ ആവര്‍ത്തിക്കുന്നതെന്ന് മമത ചോദിച്ചു.