തിക്രിത്ത് തിരിച്ചുപിടിക്കാന്‍ ശക്തമായ നടപടികളുമായി ഇറാഖ്

ബാഗ്ദാദ്: ഐഎസ് ഭീകരര്‍ക്കെതിരേ ശക്തമായ നടപടികളുമായി ഇറാഖ് സൈന്യം. മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ജന്മനാടായ തിക്രിത്തില്‍ ശക്തമായ പോരാട്ടമാണു സൈന്യവും തീവ്രവാദികളും തമ്മില്‍ നടക്കുന്നത്. പൂര്‍ണമായും ഐഎസ് നിയന്ത്രണത്തിലായിരുന്ന തിക്രിത്ത് സൈന്യം തിരിച്ചു പിടിക്കുകയാണ്. സൈന്യത്തിന്റെ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് ഐഎസ് പോരാളികള്‍ പട്ടണത്തിന്റെ മധ്യഭാഗത്തേക്കു പിന്‍വാങ്ങി.

നഗരം പിടിച്ചെടുക്കുന്നതിനുള്ള രണ്ടാംഘട്ട ആക്രമണ പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്. 23,000-ല്‍ അധികം സൈനികരും ഷിയാ പോരാളികളുമാണു മേഖലയില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സൈന്യത്തിനെതിരേ ബോംബാക്രമണം നടത്തുന്ന ഭീകരര്‍ക്കു നേരെ രാസായുധം വരെ സൈന്യം ചെറിയ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.

തിക്രിത്തിന്റെ മധ്യഭാഗത്തേക്കു 3,000 സൈനികര്‍ ഇരച്ചു കയറുന്ന പദ്ധതിക്കു സൈന്യം തയാറെടുക്കുന്നതായാണു റിപ്പോര്‍ട്ട്. സൈന്യത്തിനെതിരേ ഭീകരര്‍ പല സ്ഥലങ്ങളിലും ചാവേര്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുന്നുണ്ട്.

Top