തിരുവനന്തപുരം: ചികിത്സാ പിഴവുമൂലം ജനറല്‍ ആശുപത്രിയില്‍ മാതൃഭൂമി ന്യൂസ് കാമറമാന്‍ മരണപ്പെട്ട സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്കി. ജനറല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ ആരംഭിച്ച പണിമുടക്ക് ഒ. പി വിഭാഗങ്ങളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. മിന്നല്‍ പണിമുടക്കില്‍ രോഗികള്‍ വലഞ്ഞു.
ഡോക്ടര്‍മാരുടെ മിന്നല്‍ സമരം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പോലീസ് അവഗണിച്ചു.
സമരം ചെയ്യുന്ന ഡോക്ടര്‍മാരെ അടിയന്തരമായി അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചോടെ തളര്‍ച്ച ബാധിച്ചാണ് റജിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രി അധികൃതരാരും റജിയെ പരിശോധിക്കുകയോ പ്രാഥമിക ചികിത്സ നല്‍കുകയോ ചെയ്തില്ല. റജിക്കൊപ്പം വന്നവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആയിഷ ഇ.സി.ജിയും രക്തപരിശോധനയും നടത്താന്‍ നിര്‍ദ്ദേശിച്ചു.പരിശോധനയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണെന്ന് കണ്ടെത്തി.തുടര്‍ന്ന് ഡ്രിപ്പ് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഒരു മണിക്കൂറിന് ശേഷം ശരീരം തളരുന്നതായി കണ്ട സുഹൃത്തുക്കള്‍ ഡോക്ടറെ വിവരമറിയിച്ചു. ഡോക്ടര്‍ എത്തി ഇന്‍ജക്ഷന്‍ നല്‍കിയതോടെ മരണം സംഭവിക്കുകയായിരുന്നു.
മരണകാരണം അന്വേഷിച്ചപ്പോള്‍ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇവര്‍ക്ക് നേരെ കൈയിലിരുന്ന കുറിപ്പ് വലിച്ചെറിഞ്ഞു. ഇതോടെ സംഘര്‍ഷമായി. സംഭവമറിഞ്ഞ് റജിമോന്റെ ബന്ധുക്കളും കൂടുതല്‍ മാദ്ധ്യമപ്രവര്‍ത്തകരും ആശുപത്രിയിലെത്തി. അപ്പോഴും മരണകാരണം വിശദീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല.
റജിമോന്റെ മരണവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഡി.എം.ഒയും ഡി.എച്ച്. എസും ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തുകയും അന്വേഷണ വിധേയമായി ഡോക്ടര്‍ അയിഷയെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാതെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.