കൊച്ചി: പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് തൃശ്ശൂര്‍ ഐജി ടി.ജെ ജോസിനെ പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കി വിട്ടു. എല്‍എല്‍എം പരീക്ഷയ്ക്കാണ് തുണ്ട് കടലാസ് വച്ച് ഐജി കോപ്പി അടിച്ചത്. ഗൈഡിന്റെ പേപ്പറുകളാണ് ഐജി കോപ്പിയടിക്ക് ഉപയോഗിച്ചത്. കളമശേരി സെന്റ് പോള്‍സ് കേളജില്‍ വച്ചു നടന്ന പരീക്ഷയിലാണ് കോപ്പിയടി തടയാന്‍ നിയോഗിക്കപ്പെട്ട ഇന്‍വിജിലേറ്റര്‍ ഐജിയെ കുരുക്കിയത്.
ഐജിയാണെന്നറിയാതെയാണ് ഇന്‍വിജിലേറ്റര്‍ ടി.ജെ ജോസിനെ പരീക്ഷാ ഹാളില്‍ നിന്നും ഇറക്കി വിട്ടത്. സംഭവം സര്‍വകലാശാലയ്ക്കു റിപ്പോര്‍ട്ട് ചെയ്യുമെന്നും ഐജിയെ ഡി ബാര്‍ ചെയ്യാന്‍ സര്‍വകലാശാലയോടു ശുപാര്‍ശ ചെയ്യുമെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം ക്രൈം റെക്കോര്‍ഡ്സ് വിഭാഗത്തില്‍ ഐജിയായിരുന്ന ജോസിനെ അടുത്തയിടെയാണ് തൃശൂര്‍ റേഞ്ചില്‍ നിയമനം നല്‍കിയിരുന്നത്. സോളാര്‍ വിവാദത്തില്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ളവരുടെ പേര് പുറത്ത് വന്നത് ക്രൈം റെക്കോര്‍ഡ്സ് വിഭാഗം ശേഖരിച്ച കോള്‍ ലിസ്റ്റില്‍ നിന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്നു ടി.ജെ ജോസ്.
കോപ്പിയടി വിവാദം പൊലീസ് സേനയ്ക്കാകെ നാണക്കേടായിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനു ശേഷമാകും ഐജിക്കെതിരേയുള്ള നടപടി തീരുമാനിക്കുക.
നോര്‍ത്ത് എഡിജിപി ശങ്കര്‍ റെഡ്ഡിയോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി നിര്‍ദേശം നല്കി.
അതേസമയം കോപ്പിയടി സംഭവം നിഷേധിച്ച് ഐ.ജി രംഗത്ത് വന്നിട്ടുണ്ട്. പരീക്ഷാഹാളില്‍ നിന്നും ഇറക്കിവിട്ടുവെന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. പരീക്ഷ എഴുതിയ ശേഷമാണു താന്‍ പരീക്ഷാഹാള് വിട്ടതെന്നും ചൊവ്വാഴ്ചത്തെ പരീക്ഷയും എഴുതുമെന്നും ടി.ജെ. ജോസ് പറഞ്ഞു.