മേദക്ക്: തെലങ്കാന സംസ്ഥാനം രൂപീകൃതമായി അഞ്ച് മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ കുത്തനെ ഉയരുന്നു. കെ.ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിലേറിയത് മുതല്‍ ഇതുവരെ 350 പേര് ആത്മഹത്യ ചെയ്തതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് കര്‍ഷകരുടെ അവസ്ഥ വളരെ പരിതാപകരമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ സ്ഥലത്തും കര്‍ഷകര്‍ക്ക് ഒരേ കഥയാണ് പറയാനുള്ളത്. കാര്‍ഷിക വിളകള്‍ കൂട്ടത്തോടെ നശിക്കുന്നതാണ് കര്‍ഷകര്‍ നിരാശയിലേക്ക് വഴുതി വീഴാന്‍ കാരണം. കൃഷിക്കായി ലോണ്‍ എടുത്തവരും വന്‍തോതില്‍ മുതല്‍ മുടക്കിയവരുമാണ് ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും.
വൈദ്യുതി ലഭ്യമല്ലാത്തതും, മഴ കൃത്യമായി ലഭിക്കാത്തതുമാണ് കൃഷി നശിക്കാന്‍ കാരണം. അതുപോലെ തന്നെ കന്നുകാലികളെ വളര്‍ത്തുന്നവരും ദുരിതമനുഭവിക്കുകയാണ്. കന്നുകാലികള്‍ക്കുള്ള തീറ്റ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് കര്‍ഷകര്‍ക്ക് ഒരുലക്ഷം രൂപ വരെ ലോണ്‍ ലഭ്യമാക്കുമെന്ന് ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചിരുന്നെങ്കിലും നയാപൈസ ഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. എവിടെയും വരണ്ടുണങ്ങിയ പാടങ്ങളാണ് തെലങ്കാനയില്‍ കാണാന്‍ കഴിയുന്നത്. കുഴല്‍ കിണറുകളില്‍ വെള്ളം ഇല്ല. വെള്ളം ഉള്ള സ്ഥലത്ത് വൈദ്യുതിയും ഇല്ലാത്ത അവസ്ഥയാണ്.
അതേസമയം, സംസ്ഥാനത്തെ കര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് കൃഷിമന്ത്രി പൊച്ചാരം ശ്രീനിവാസ് പറയുന്നത്. കര്‍ഷക ആത്മഹത്യ തെലങ്കാനയില്‍ മാത്രമല്ല, രാജ്യം മുഴുവന്‍ സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.