ത്രിരാഷ്ട്ര പരമ്പര: ഇന്ത്യ പുറത്ത്; ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ഫൈനല്‍

പെര്‍ത്ത്: ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ പുറത്ത്. ഇംഗ്ലണ്ടിനോട് മൂന്ന് വിക്കറ്റിന് തോറ്റ് ഇന്ത്യ പുറത്തായി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.1 ഓവറില്‍ 200 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ട് 46.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 73 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് ടോപ്പ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ 38 റണ്‍സ് നേടി. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പവലിയനിലേയ്ക്ക് ഘോഷയാത്ര നടത്തുകയായിരുന്നു. വിരാട് കോഹ്‌ലി (80, സുരേഷ് റെയ്‌ന (1), അമ്പാട്ടി റായിഡു (12), എം.എസ്.ധോണി (17), സ്റ്റുവര്‍ട്ട് ബിന്നി (7), രവീന്ദ്ര ജഡേജ (5) എന്നിവര്‍ വന്നത് പോലെ തന്നെ മടങ്ങി. പതിനൊന്നാമനായി ഇറങ്ങിയ മുഹമ്മദ് ഷമി 25 റണ്‍സ് നേടിയാണ് ഇന്ത്യ സ്‌കോര്‍ 200ല്‍ എത്തിച്ചത്.

ഫൈനലിന് 201 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടുും തുടക്കത്തില്‍ പതറി. ഒരു ഘട്ടത്തില്‍ 66/5 എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ ജെയിംസ് ടെയ്‌ലര്‍ (82), വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ (67) എന്നിവരാണ് വിജയത്തിലെത്തിച്ചത്. ഇരുവരും ആറാം വിക്കറ്റില്‍ 125 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് വേണ്ടി സ്റ്റുവര്‍ട്ട് ബിന്നി മൂന്ന് വിക്കറ്റ് വീഴ്ത്തി.

പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ തോറ്റാണ് ഇന്ത്യ പുറത്തായത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാല്‍ രണ്ടു പോയിന്റ് ലഭിച്ചിരുന്നു.

Top