ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ബംഗ്ലാദേശ് ഏകദിന പരമ്പര സ്വന്തമാക്കി

ചിറ്റഗോംഗ്: കരുത്തരായ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ് ഏകദിന പരമ്പര സ്വന്തമാക്കി. നിര്‍ണായകമായ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാകടുവകള്‍ 2-1 പരമ്പര സ്വന്തമാക്കി.

ഇതോടെ ഏകദിനത്തില്‍ തുടര്‍ച്ചയായ മൂന്നു പരമ്പരകള്‍ നേടി ബംഗ്ലാദേശ് ചരിത്രംകുറിച്ചു. നേരത്തേ അയല്‍ക്കാരും ക്രിക്കറ്റിലെ ‘പേപ്പര്‍ പുലികളുമായ’ ഇന്ത്യയെയും പാക്കിസ്ഥാനെയും പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഇരട്ട പരമ്പര നേട്ടം കൈവരിച്ചത്.

ഇപ്പോള്‍ ക്രിക്കറ്റിലെ കുട്ടികളുടെ കൈച്ചൂട് ദക്ഷിണാഫ്രിക്കയും അനുഭവിച്ചു. 83 പന്തുകള്‍ ബാക്കി നില്‍ക്കേ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണു ബംഗ്ലാദേശ് വിജയം പിടിച്ചെടുത്തത്.

മഴുമൂലം 40 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടപ്പെടുത്തി 168 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് തമീം ഇക്ബാലിന്റെയും (61) സൗമ്യ സര്‍ക്കാരിന്റെയും (90) അര്‍ധ സെഞ്ചുറി മികവില്‍ ലക്ഷ്യംകണ്ടു. ഇരുവരും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 154 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. സെഞ്ചുറിയുടെ പടിക്കല്‍ നിന്ന് സര്‍ക്കാര്‍ ഹഷിം ആംലയ്ക്ക് പിടികൊടുത്ത് മടങ്ങിയെങ്കിലും പിന്നാലെയെത്തിയ ലിറ്റന്‍ ദാസ് കൂടുതല്‍ ആള്‍ നഷ്ടം കൂടാതെ വിജയം അടിച്ചെടുത്തു.

Top