ദശീയഗെയിംസ് അഴിമതി സിബിഐ അന്വേഷിക്കണം: ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതിയെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടു. ലാലിസം പരിപാടിക്കായി മോഹന്‍ലാലിന് നല്‍കിയ തുക തിരിച്ചു വാങ്ങണമെന്നും പാര്‍ട്ടിയുടെ നേതൃയോഗത്തിനു ശേഷം പിള്ള വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഗെയിംസിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒഴിഞ്ഞുമാറാനാവില്ല. അഴിമതി ചൂണ്ടിക്കാട്ടിയ ചീഫ് സെക്രട്ടറി ജിജി തോംസണിനെ പുറത്താക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും പിള്ള പറഞ്ഞു.

ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാലിനെ അപമാനിക്കരുത്. നാറിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറുമെന്ന പാഠം ഈ സംഭവത്തില്‍ നിന്ന് മോഹന്‍ലാല്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും പിള്ള വ്യക്തമാക്കി. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ പുറത്താക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുന്‍ മന്ത്രി കെ.ബി.ഗണേശ് കുമാര്‍ പറഞ്ഞു. സ്ഥാനമാനങ്ങളെക്കാള്‍ വലുതാണ് സത്യം പറയുക എന്നത്. തിരുവനന്തപുരം ടെന്നീസ് ക്‌ളബ്ബില്‍ എത്ര ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം ഉണ്ടെന്ന് അന്വേഷിക്കണമെന്നും ഗണേശ് ആവശ്യപ്പെട്ടു.

Top