ന്യൂഡല്‍ഹി: ദുഃഖവെള്ളിയാഴ്ച ചീഫ് ജസ്റ്റിസുമാരുടെ യോഗം വിളിച്ച സംഭവത്തില്‍ ജസ്റ്റിസ് കുര്യന് ജോസഫ് പ്രധാനമന്ത്രിക്ക് പരാതി അയച്ചു. മതേതരനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് അഭ്യര്‍ഥിച്ചാണ് കത്ത്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്ക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. ദു:ഖവെള്ളി ദിനത്തിലും ഈസ്റ്ററിനും മതപരമായ ചടങ്ങളും കുടുംബാംഗങ്ങളുടെ ഒത്തുചേരലുമുള്ളതിനാല് ജഡ്ജുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ് കുര്യന് ജോസഫ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന് അയച്ച കത്തില്‍ പറഞ്ഞിരുന്നത്.
ഒരു വിഭാഗം ആളുകള്‍ക്ക് വിശ്വാസപരമായി ഏറെ പ്രധാന്യമുള്ള ദിനത്തില്‍ സുപ്രധാനമായ യോഗം ചേരുന്നത് ഒഴിവാക്കാമായിരുന്നു. ദസറ, ഹോളി, ഈദ് തുടങ്ങിയ ആഘോഷ ദിവസങ്ങളില്‍ ഇത്തരമൊരു യോഗം വിളിക്കുമോയെന്നും ജസ്റ്റിസ് കുര്യന് ജോസഫ് ചോദിക്കുന്നു. മതേരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്നും കുര്യന് ജോസഫിന്റെ കത്തിലുണ്ട്.